ആദ്യ സിനിമയിലെ പ്രതിഫലം നിര്‍ഭയ കേസിലെ ആരാച്ചാരുടെ മകള്‍ക്ക്; പ്രഖ്യാപനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ നടി

ആദ്യ ചിത്രത്തിന്റെ പ്രതിഫലത്തുക നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്ന് നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ. 2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന പവന്‍ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് സുകന്യ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ തീരുമാനം എടുത്തശേഷം പവന്‍ ജല്ലാദിന്റെ നമ്പര്‍ കണ്ടെത്തുക എന്നതായിരുന്നു നേരിട്ട വലിയ വെല്ലുവിളി. അതീവ രഹസ്യമായാണ് അദ്ദേഹത്തിന്റെ നമ്പര്‍ സൂക്ഷിച്ചിക്കുന്നത്. എങ്കിലും എന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി വിശാല്‍ എന്ന ഒരു മാധ്യമ സുഹൃത്ത് നമ്പര്‍ സംഘടിപ്പിച്ചു തന്നു. ഉടനെ പവന്‍ ജല്ലാദിനെ വിളിക്കുകയും ചെയ്തു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍. വിളി വന്നില്ലെങ്കില്‍ വീണ്ടും അങ്ങോട്ടു വിളിക്കും. അദ്ദേഹം സമ്മതിച്ചാല്‍ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറും. സുകന്യ പറയുന്നു.