നേതാജിയുടെ പേര് സവർക്കർക്കൊപ്പം ചേർക്കുന്നതിൽ നിന്ന് പിന്തിരിയണം; ചിത്രത്തിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ പൗത്രൻ ചന്ദ്ര കുമാർ ബോസ് രംഗത്ത്

രൺദീപ് ഹൂഡ സംവിധാനം ചെയ്ത് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിനെതിരെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൗത്രൻ ചന്ദ്ര കുമാർ ബോസ് രംഗത്ത്. ഹിന്ദു മഹാസഭ നേതാവ് വി. ഡി സവർക്കറിന്റെ ജീവിതം പ്രമേയമാവുന്ന ചിത്രമാണ് സ്വാതന്ത്ര വീർ സവർക്കർ.

ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തുവിട്ട ട്രെയിലറിൽ സുഭാഷ് ചന്ദ്ര ബോസിനെ പരാമർശിക്കുന്നുണ്ട്. കൂടാതെ മഹാത്മാ ഗാന്ധി, ബി. ആർ അംബേദ്കർ, ബാല ഗംഗാധര തിലക്, മുഹമ്മദലി ജിന്ന തുടങ്ങീ നിരവധി ചരിത്ര വ്യക്തിത്വങ്ങളെ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

“സവർക്കറെക്കുറിച്ച് സിനിമ ഒരുക്കിയതിൽ രൺദീപ് ഹൂഡയെ അഭിനന്ദിക്കുന്നു. എന്നാൽ യഥാർത്ഥ വ്യക്തിത്വം അവതരിപ്പിക്കുന്നത് പ്രധാനമാണ്. ‘നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ’ പേര് സവർക്കർക്കൊപ്പം ചേർക്കുന്നതിൽ നിന്ന് പിന്തിരിയണം. നേതാജി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര നേതാവും ദേശസ്നേഹികളുടെ ദേശസ്നേഹിയുമായിരുന്നു.” എന്നാണ് ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചത്.

Read more

സീ സ്റ്റുഡിയോസിന്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായയെത്തുന്നുണ്ട്.