ഞങ്ങളുടെ സിനിമാ സെറ്റിനെ  രക്ഷിക്കൂ, അത് നശിച്ച് പോവുകയാണ്; സംവിധായകന്‍

മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ് സെറ്റ് ചിലര്‍ തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയുടെ സെറ്റിനെ  സംക്ഷിക്കണമെന്ന് പറഞ്ഞ്  എത്തിയിരിക്കകുയാണ് സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍.

ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന സ്റ്റേഷന്‍ 5 സിനിമയുടെ അട്ടപ്പാടിയിലെ ലൊക്കേഷനാണ് മഴയിലും കാറ്റിലും തകര്‍ന്ന് വീഴുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിന്ന സമയത്താണ് ലോക്ഡൌൺ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിങ് നിർത്തി വെക്കേണ്ടി വന്നുവെന്നും ഇതൊരു ബിഗ് ബജറ്റ് സിനിമ പോലുമല്ലെന്നും സംവിധായകൻ പറയുന്നു. ലക്ഷങ്ങൾ മുടക്കി ഒരുക്കിയ സെറ്റിൽ നിന്നും മഴയ്ക്ക് മുൻപെങ്കിലും ഷൂട്ടിങ് പൂർത്തിയാക്കണമെന്ന് കൂടി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രശാന്ത് സൂചിപ്പിച്ചു.

ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ. എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു.
വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര്‍ത്താന്‍ ഇവര്‍ക്കാവില്ലല്ലോ. ഇക്കഴിഞ്ഞ ദിവസം അട്ടപ്പാടി സെറ്റിന്റെ കുറച്ചു ചിത്രങ്ങള്‍ ഒരു സുഹൃത്ത് അയച്ചു തന്നു. കുടിലിന്റെ മേലെയുള്ള പുല്ലുകള്‍ പാറിപ്പോയി. ചുമരുകള്‍ ദ്രവിക്കാന്‍ തുടങ്ങി. ചായം ഇളകിത്തുടങ്ങി.
ഇനി മഴ കൂടി ശക്തമായാല്‍ സെറ്റ് പൂര്‍ണമായും നശിക്കുമെന്നുറപ്പാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തില്‍ കൂടുതല്‍ സമയം എടുത്താണ് സെറ്റ് ഒരുക്കിയത്. ഇനി എട്ടു ദിവസം കൂടി ഷൂട്ട് ചെയ്താല്‍ സെറ്റിലെ ജോലികള്‍ കഴിയും. ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാന്‍ ചെയ്തിരുന്നതാണ്. പരിമിതമായ ആളുകളെ വെച്ച് ഞങ്ങള്‍ സെറ്റിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. മഴയ്ക്ക് മുമ്പെങ്കിലും ഇതിന് സാധിച്ചില്ലെങ്കില്‍ വല്ലാത്ത പ്രതിസന്ധിയില്‍ അകപ്പെടും.
ഒരു ബിഗ് ബജറ്റ് സിനിമയല്ല സ്റ്റേഷന്‍ 5. അതു കൊണ്ടു തന്നെ മറ്റു പലര്‍ക്കും ചെറുതെന്നു തോന്നുന്ന നഷ്ടം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സെറ്റിലെ ജോലിയെങ്കിലും മുഴുമിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക അനുമതി തരണമെന്നാണ് അധികൃതരോടുള്ള അപേക്ഷ. അതിനു സാധിച്ചില്ലെങ്കില്‍ ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നം കൂടിയായിരിക്കും തകര്‍ന്നടിയുക.

ഞങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. സിനിമ സെറ്റുകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ സ്റ്റേഷന്‍ 5 ടീം ശക്തമായി അപലപിക്കുന്നു. ഇത്തരം ആക്രമണം ഖേദകരമാണ്. സിനിമയുടെ മികച്ച പൂര്‍ണതയ്ക്കു വേണ്ടിയാണ് പലപ്പോഴും സെറ്റുകള്‍ ഒരുക്കുന്നത്. നിര്‍മ്മാതാക്കള്‍ സംവിധായകനെ വിശ്വസിച്ചാണ് പണമിറക്കുന്നത്. പരസ്പര വിശ്വാസമാണ് വേണ്ടത്. എന്ന്, പ്രശാന്ത് കാനത്തൂര്‍ സംവിധായകന്‍ സ്റ്റേഷന്‍ 5