ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല.. ചില കാര്യങ്ങള്‍ പറഞ്ഞു, പറയേണ്ട സാഹചര്യമുണ്ടായാല്‍ ഇനിയും പറയും: ശ്രീനിവാസന്‍

ബൈപ്പാസ് സര്‍ജറി കഴിഞ്ഞതിന് ശേഷമുള്ള നടന്‍ ശ്രീനിവാസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സര്‍ജറിക്ക് ശേഷം ഏറെ ക്ഷീണിതനായ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇത്തരത്തിലുള്ള ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ”അത് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമാ യ മാനസികാവസ്ഥയുള്ളവരാണ്.”

”അയാള്‍ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാര്‍ഥന. അയാള്‍ക്ക് മാത്രമല്ല അയാളെ പോലെയുള്ളവര്‍ക്കും” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം അലോപതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയും താരം കൊടുക്കുന്നുണ്ട്.

”അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങള്‍ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാല്‍ പറയും” എന്നാണ് ശ്രീനിവാസന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.