ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്പെഷ്യല്‍ ചിത്രം: ശോഭിത ധുലിപാല

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബോളിവുഡ് നടിയാണ് ശോഭിത ധുലിപാല. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പാണ് ശോഭിതയുടെ പുടിയ ചിത്രം. ശോഭിതയുടെ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമാണ് കുറുപ്പ്. അതിനാല്‍ ഈ ചിത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് ശോഭിത പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശോഭിത ഇക്കാര്യം പറഞ്ഞത്. കുറുപ്പില്‍ അഭിനയിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും നന്ദിയും തുറന്ന് പറഞ്ഞിരിക്കുകയാണ് ശോഭിത പോസ്റ്റില്‍. സംവിധായകനായ ശ്രീനാഥിനും നായകന്‍ ദുല്‍ഖറിനും ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണിത്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം.