കേൾവി ശക്തി നഷ്ടമായി; ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോഴും ജാഗ്രത വേണമെന്ന് ഗായിക അൽക യാഗ്നിക്

അപൂർവ്വ രോഗം ബാധിച്ച് കേൾവി നഷ്ടമായെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് എന്ന രോഗാവസ്ഥയാണ് അൽകയ്ക്ക്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് തനിക്ക് രോഗാവസ്ഥയുള്ളതായി മനസിലാക്കിയത് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അൽക പറയുന്നത്. ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോഴും ജാഗ്രത വേണമെന്നും അൽക പറയുന്നു.

“ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയിൽ, സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായി തളർത്തി.

ഞാൻ ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തണം. എന്റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും ഒരു മുന്നറിയിപ്പ് നൽകുകയാണ്,

ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോഴും ജാഗ്രത വേണം. നിങ്ങളുടെ എല്ലാ സ്നേഹത്തോടും പിന്തുണയോടും കൂടി, പഴയ ജീവിതത്തിലേക്ക് ഉടൻ തന്നെ മടങ്ങിവരാം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.