അത് സംഭവിച്ചില്ലെങ്കില്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം ഒരു സ്വപ്‌നമായി അവശേഷിക്കും: സിബി മലയില്‍

സമ്മര്‍ ഇന്‍ ബത്‌ലഹേമിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന നിര്‍മ്മാതാവ് സിയാദ് കോക്കറിന്റെ വാക്കുകള്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ സിബി മലയില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി മനസ് തുറക്കുകയാണ്. ഗംഭീരമായ ഒരു കഥ ഉണ്ടാവുകയാണെങ്കില്‍ സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സിബി മലയില്‍ കാന്‍ചാനല്‍മീഡിയയോട് പറഞ്ഞു.

‘കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ എന്നെ വിളിച്ചിരുന്നു. അടുത്ത വര്‍ഷം (2023) സമ്മര്‍ ഇന്‍ ബത്‌ലഹേം പ്രദര്‍ശനത്തിനെത്തിയിട്ട് 25 വര്‍ഷം തികയുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ചിത്രത്തിലെ പാട്ടുകള്‍ റീമിക്‌സ് ചെയ്ത് ഒരു വീഡിയോ രൂപത്തിലാക്കി അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മര്‍ ഇന്‍ ബത്ലഹേം പോലൊരു സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അതിനുമേല്‍ വെച്ചുപുലര്‍ത്തും. അതുകൊണ്ടുതന്നെ ആദ്യഭാഗത്തേക്കാളും ഗംഭീരമായൊരു കഥ അതിനുണ്ടാകണം. അങ്ങനെയൊരു കഥ ഉണ്ടായാല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിനൊരു രണ്ടാംഭാഗം ഉണ്ടാകും. അല്ലെങ്കില്‍ അതൊരു സ്വപ്നമായി അവശേഷിക്കും,’ സിബി മലയില്‍ പറഞ്ഞു.