മലയാള സിനിമകള്‍ സുരക്ഷിതമല്ല, പൈറസി പോയത് ഏത് സ്റ്റുഡിയോയില്‍ നിന്ന്? ചോദ്യം ആവര്‍ത്തിച്ച് നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍

ജിസ്യ പാലോറാന്‍

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് അന്വേഷിക്കണം എന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്‍ ആവശ്യപ്പെട്ടിരുന്നു. പൈറസി പോയത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് വെളിപ്പെടുത്തണം എന്നും ഷിബു ജി സുശീലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ പങ്കുവച്ചിരുന്നു.

പൈറസി പോയ സ്റ്റുഡിയോക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഷിബു ജി സുശീലന്‍ പറയുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സിനിമ ചോര്‍ന്ന സ്റ്റുഡിയോ ഏതാണെന്ന് വെളിപ്പെടുത്തേണ്ടത് ആന്റോ ജോസഫിന്റെ ബാധ്യതയാണെന്നും നിര്‍മ്മാതാവ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

രണ്ട് സ്റ്റുഡിയോയാണ് എറണാകുളത്ത് ഉള്ളത്. പൈറസി പോയ സ്റ്റുഡിയോയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ വീണ്ടും സിനിമകളുടെ വ്യാജ കോപ്പികള്‍ പ്രചരിച്ചാല്‍ അത് ബാധിക്കുക പ്രൊഡ്യൂസര്‍മാരെ തന്നെയാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ എന്ത് വിശ്വസിച്ചാണ് സ്റ്റുഡിയോയില്‍ കൊടുക്കുക എന്നാണ് ഷിബു ജി സുശീലന്‍ ചോദിക്കുന്നത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഗ്രൂപ്പിലാണ് സ്റ്റുഡിയോയുടെ പേര് പറയാനായി താന്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടനയില്‍ നടക്കുകയാണെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ വ്യാജ പതിപ്പ് പുറത്തെത്തിയതിനെ തുടര്‍ന്ന് ആന്റോ ജോസഫ് നേരത്തെ ഐജി ശ്രീജിത്തിന് പരാതി നല്‍കിയിരുന്നു. വീണ്ടും ചോരുമെന്ന ആശങ്ക പ്രകടിപ്പിച്ച് കത്ത് നല്‍കിയതിനാല്‍ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാന്‍ തിയേറ്ററുടമകളുടെ സംഘടന ഫിയോക് അനുമതി നല്‍കിയിരുന്നു.

ഷിബു ജി സുശീലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആന്റോ ജോസഫ് പ്രൊഡ്യൂസ് ചെയ്ത ടോവിനോ നായകന്‍ ആയ കിലോമീറ്റര്‍സ് &കിലോമീറ്റര്‍സ്  എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയില്‍ നിന്ന് ആണ് പോയത് ?
ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയല്‍ ചെയ്തോ ?
അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കില്‍ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വര്‍ക്ക് ചെയ്യാന്‍ കൊടുക്കും ..

സ്റ്റുഡിയോയില്‍ നിന്ന് പൈറസി പോയി എങ്കില്‍ ആ സ്റ്റുഡിയോയുടെ പേര് ഏത് ?
അല്ലെങ്കില്‍ വേറെ എങ്ങനെ പൈറസി ഇറങ്ങി ..ഏതായാലും ഇപ്പോള്‍ ഈ സിനിമയില്‍ ബെന്ധപെട്ടവര്‍ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ ..പ്രേക്ഷകര്‍ വഴി വരാന്‍ സാധ്യത ഇല്ല ..അപ്പോള്‍ 100% പേര് പ്രൊഡ്യൂസര്‍ പറയാന്‍ ബാധ്യസ്ഥന്‍ ആണ് …
ഒരു സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹം ഉണ്ട് ..

#പൈറസിഇറക്കിയസ്റ്റുഡിയോഏത്?
പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വെക്തമായി ഈ സ്റ്റുഡിയോയുടെ പേരില്‍ നടപടി എടുക്കേണ്ടത് അല്ലെ ?
സ്റ്റുഡിയോയില്‍ നിന്ന് അല്ലെങ്കില്‍ എങ്ങനെ പൈറസി ഇറങ്ങി …അത് കൂടി വെക്തമായി പറയുക ..