ഞാന്‍ അവളെ തിരിച്ചറിയില്ല എന്ന് അവള്‍ തെറ്റിദ്ധരിച്ചു; വികാരനിര്‍ഭരമായ കണ്ടുമുട്ടല്‍

നടന്‍ വിനോദ് കോവൂര്‍ പങ്കുവച്ച സൗഹൃദത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഹോമിലെ നിത്യ സന്ദര്‍ശകനായിരുന്ന വിനോദിന് സഹോദരീതുല്യയായിരുന്നു. മഞ്ജുളയെന്ന ആ സഹോദരിയെ വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടിയതിന്റെ കഥ വിനോദ് തന്നെ പങ്കുവെക്കുന്നു.

‘സന്തോഷവും സങ്കടവും ഇടകലര്‍ന്ന ഒരു നിമിഷം. പെരിന്തല്‍മണ്ണയ്ക്കടുത്ത് പച്ചീരി എല്‍പി സ്‌കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ അതിഥിയായി ചെന്നതായിരുന്നു. ആകസ്മികമായി അവിടെ വച്ച്, ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന അനിയത്തിക്കുട്ടി മഞ്ജുളയെ കാണാനിടയായി.

ഹോമിലെ സന്ദര്‍ശകനായിരുന്ന എനിക്ക് കുട്ടിക്കാലം മുതലേ മഞ്ജുളയെ അറിയാം. പിന്നീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജുളയെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ഒരു സഹൃദയന്‍ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളയ്ക്കു ശേഷം ഈ ചടങ്ങില്‍ വച്ചാണ് കണ്ടുമുട്ടിയത്. ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു. ചടങ്ങില്‍ നാടന്‍ പാട്ട് പാടി ഓഡിയന്‍സിനിടയിലേക്ക് ചെന്ന ഞാന്‍ മഞ്ജുളയെ ചേര്‍ത്ത് നിര്‍ത്തി ഓഡിയന്‍സിന് പരിചയപ്പെടുത്തിക്കൊണ്ട് പാടി. എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോള്‍ സന്തോഷം കൊണ്ടാവാം അവള്‍ മാത്രം കരഞ്ഞു. വികാരനിര്‍ഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസല്‍ക്ക ക്യാമറയില്‍ പകര്‍ത്തി.

ഒരുപാട് ഇഷ്ടം തോന്നിയ ഫോട്ടോ. മനസ്സിന് വലിയ സന്തോഷം തോന്നിയ നിമിഷം. ഏറെ സന്തോഷം തോന്നിയ ദിനം. അടുത്ത ദിവസം, ഹോമില്‍നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാര്‍ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസ്സിന് ഇരട്ടിമധുരം