വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം; തുറന്നു പറഞ്ഞ് ഷംന കാസിം

 

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സംഭവിച്ച വിവാദങ്ങളെ കുറിച്ച് മനസ്സുതുറന്ന് നടി ഷംന കാസിം.
വിവാഹ തട്ടിപ്പുവീരന്മാരുടെ കെണിയില്‍ നിന്ന് ഷംന തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ അത് വാര്‍ത്തയായി. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിക്ക് പേടിയായിരുന്നു എന്നാണ് ഷംന കാസിം പറഞ്ഞത്. എന്നാല്‍ തനിക്കിപ്പോള്‍ കാര്യമായി വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.. തിടുക്കം തനിക്കല്ല കുടുംബത്തിന് ആണ് എന്നും ഷംന കാസിം പറയുന്നു.

അന്ന് വീട്ടുകാര്‍ ആണ് ആ വിവാഹ ആലോചന കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ അതൊരു തട്ടിപ്പ് ആണ് എന്നറിഞ്ഞപ്പോള്‍ എന്നെക്കാള്‍ മാനസികമായി തളര്‍ന്നത് അമ്മയും അച്ഛനും ആണ്. കേസ് കൊടുത്തതും അവര്‍ തന്നെയാണ്. എന്റെ പേര് വരില്ല എന്നായിരുന്നു അവര്‍ കരുതിയത്.

എന്നാല്‍ കേസ് കൊടുത്തത്തോടെ എന്റെ പേര് മാത്രമാണ് വന്നത്. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം. മറിച്ച് അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു. കേവലം ഒരു ക്ലിക്കിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലും എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ശരിയ്ക്കും വേദനിപ്പിച്ചു. ടിവിയും ഫോണിലും എല്ലാം എന്റെ മുഖം തന്നെ. അത് എന്നെ മാനസികമായി തളര്‍ത്തി.

അവര്‍ ഒരു കുടുംബമാണ്. ആ കുടുംബത്തിലെ എല്ലാവരും ഇതുപോലെ തട്ടിപ്പ് നടത്തിയാണ് ജീവിക്കുന്നത്. കേസ് കൊടുത്തപ്പോള്‍ പൊലീസുകാര്‍ തന്നെ എന്നോട് പറഞ്ഞു, ഷംനയുടെ പരാതി ഒന്നും പരാതിയല്ല… പല പെണ്‍കുട്ടികള്‍ക്കും ജീവിതം തന്നെ പോയി എന്ന്. അവരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഞാന്‍ ഒരു കാരണം ആകുകയായിരുന്നു. അതിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. സിനിമയിലും പലരും ഇവരുടെ കെണിയില്‍ വീണിട്ടുണ്ടാവാം.. പക്ഷെ അവരാരും പുറത്ത് പറയാന്‍ തയ്യാറല്ല.