സത്യന്‍ മാസ്റ്ററെ വികൃതമായി അനുകരിച്ച്, കോമാളിയാക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് നടുവിരല്‍ നമസ്‌കാരം: ഷമ്മി തിലകന്‍

അനശ്വര നടന്‍ സത്യന്‍ ഓര്‍മ്മയായിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് സത്യന്‍ മാസ്റ്റര്‍ അന്തരിച്ചത്. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ അതുല്യ കലാകാരനെ മിമിക്രി കലാകാരന്‍മാര്‍ വികൃതമായി അനുകരിച്ച് കോമാളിയാക്കുകയാണെന്നും ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷമ്മി തിലകന്റെ കുറിപ്പ്:

സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 50 വര്‍ഷങ്ങള്‍..!

പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയില്‍ ജ്വലിച്ചു നിന്ന സത്യന്‍ മാസ്റ്റര്‍..; രോഗബാധിതനാണ് താന്‍ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.

അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചു വീഴണമെന്ന് കൊതിച്ച അദ്ദേഹം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.

ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ വികൃതമായി അനുകരിച്ച്, പുതു തലമുറയുടെ മുമ്പില്‍ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം.

Read more