ധനുഷ്-- ഐശ്വര്യ വേര്‍പിരിയലിനു കാരണം ആ നടനോ? പ്രതികരണവുമായി ഷക്കീല

തെന്നിന്ത്യന്‍ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. . 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതിനു കാരണം ചിമ്പു ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്ബുവിനെ വലിച്ചിടുന്നതിനെതിരെയാണ് ഷക്കീല രംഗത്ത് എത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷക്കീലയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. ചിമ്ബുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ല.- ഷക്കീല പറയുന്നു.