മോഹന്‍ലാലിനെ കാണാന്‍ വന്ന പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു, തിരിച്ചുപോകാന്‍ പറഞ്ഞിട്ടും അവന്‍ കാത്തിരുന്നു: ആലപ്പി അഷ്‌റഫ്

സിനിമാ തിരക്കുകളില്‍ പെടാതെ സെലിബ്രിറ്റി ലൈഫില്‍ നിന്നും മാറി, ഏറെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവ് സ്‌പെയിനിലെ ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുകയായിരിക്കും എന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. അച്ഛന്‍ മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇപ്പോള്‍.

ബറോസിന്റെ ഷൂട്ടിനിടെയാണ് ഈ സംഭവം. ”സ്പെയിനില്‍ ബറോസിന്റെ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് അച്ഛന്‍ മോഹന്‍ലാലിനെ കാണാന്‍ പ്രണവ് ഊബറില്‍ വന്നിറങ്ങുന്നു. പതിവുപോലെ വളരെ ലളിതമായ വേഷത്തിലായിരുന്നു പ്രണവ്. ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ പ്രണവിനെ തടഞ്ഞു. ഷൂട്ടിങ് സ്ഥലത്തേക്ക് ആരെയും കടത്തിവിടരുതെന്ന് മോഹന്‍ലാലിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.”

”ഇക്കാരണത്താലാണ് സെക്യൂരിറ്റി പ്രണവിനെ തടഞ്ഞത്. പ്രണവ് ആരാണെന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ആരെ കാണാന്‍ വന്നതാണെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് അച്ഛനെ കാണാനാണ് വന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. എന്നാല്‍ യാതൊരു കാരണവശാലും അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി അദ്ദേഹത്തെ അറിയിച്ചു.”

”തിരിച്ചൊന്നും പറയാതെ പ്രണവ് അവിടെ തന്നെ ചിരിച്ചുകൊണ്ട് നിലയുറപ്പിച്ചു. ആരെയും കാണാന്‍ സാധിക്കില്ല, തിരിച്ചുപൊയ്ക്കോളൂ എന്ന് സെക്യൂരിറ്റി പറഞ്ഞിട്ടും പ്രണവ് അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. കുറേ അധികസമയം ഇങ്ങനെ നിന്നുകഴിഞ്ഞപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി, ഗേറ്റിന് പുറത്ത് അച്ഛനെ കാണണമെന്ന് പറഞ്ഞ് ഒരു പയ്യന്‍ വന്ന് നില്‍പ്പുണ്ടെന്ന് ഷൂട്ടിങ് സംഘത്തെ അറിയിച്ചു.”

”ഇവിടുത്തെ ആരുടെയെങ്കിലും മകനാണോ എന്ന് ഒന്ന് വന്നുനോക്കാനും പറഞ്ഞു. ഇതുകേട്ട് അന്ന് ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന വന്ന് നോക്കുമ്പോഴാണ് അത് പ്രണവാണെന്ന് മനസിലായത്. പ്രണവ് ആരാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഞെട്ടിപ്പോയി” എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.