ശ്രീനിയുടെ ആ വാക്കുകള്‍ എന്റെ കണ്ണ് നനയിച്ചു: സത്യന്‍ അന്തിക്കാട്

സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്തി ചെയ്യുന്ന സീനിലെ ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ശ്രീനിവാസനും ഞാനും ആ സിനിമയ്ക്കായി വര്‍ക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും തിരക്കഥ മാത്രമാണ് ഉണ്ടാകാറുള്ളത്. ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവില്ല. ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് സ്‌ക്രിപ്റ്റ് എഴുതിയ പോലെ തന്നെ മനസില്‍ അതിന്റെ ബിംബങ്ങളും ഉണ്ടാകും. മോഹന്‍ലാല്‍ കടന്ന് വരുമ്പോള്‍ വീട് ജപ്തി ചെയ്യുന്നത് കാണുന്നു. അവിടെ ജപ്തി ചെയ്യുന്ന വ്യക്തിയായി ഇന്നസെന്റുണ്ട്, അമ്മയുമുണ്ട്. അത് വലിയ ഒരു സീക്വന്‍സാണ്. അന്ന് വൈകുന്നേരം ശ്രീനിക്ക് ഷൂട്ടില്ല.

സീന്‍ എഴുതിയില്ലേ എന്ന് ചോദിച്ചപ്പോള്‍, സീനായിട്ട് എഴുതിയില്ല എന്ന് ശ്രീനി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. കാരണം, നാളെ കാലത്ത് ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു. സീനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ജപ്തി ചെയ്ത് കൊണ്ടുപോകുന്ന സാധനങ്ങളുമെല്ലാം ലൊക്കേഷനില്‍ എത്തും. കാലത്ത് ഏഴ് മണിക്ക് മോഹന്‍ലാലിനോടും ഇന്നസെന്റിനോടുമൊക്കെ വരാന്‍ പറഞ്ഞ് കഴിഞ്ഞു. അപ്പോഴാണ് സീന്‍ എഴുതിയില്ല എന്ന് ശ്രീനി പറയുന്നത്.
എന്ത് കൊണ്ട് എഴുതിയില്ല എന്ന് ചോദിച്ചപ്പോള്‍, എഴുതാന്‍ പറ്റിയില്ല എന്നായിരുന്നു ശ്രീനിയുടെ മറുപടി.ഇതിന്റെ സീന്‍ എഴുതാന്‍ പോയപ്പോള്‍ എന്റെ അമ്മയെയും വീടിനെയും ഓര്‍മ വന്നു. അച്ഛന്‍ ഒരു ബസ് വാങ്ങിച്ച് പൊളിഞ്ഞ് വീട് ജപ്തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു വാചകമാണ് ഞാന്‍ എഴുതി വെച്ചത്, എന്ന് ശ്രീനി എന്നോട് പറഞ്ഞു. അത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി. സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.