സംഘി ഒരു മോശം പദമല്ല; മകൾക്ക് മറുപടിയുമായി രജനികാന്ത്

തന്റെ അച്ഛൻ ഒരു സംഘിയല്ലെന്നും ആളുകൾ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും കഴിഞ്ഞ ദിവസം ഐശ്വര്യ രജനികാന്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.

“സംഘി എന്നത് ഒരു മോശം പദമല്ല. അതൊരു മോശം പദമാണെന്നും അവൾ പറഞ്ഞിട്ടില്ല. അച്ഛൻ ആത്മീയ വഴിയിലായിരിക്കുമ്പോൾ എല്ലാവരും അച്ഛനെ എന്തുകൊണ്ടാണ് സംഘി എന്ന് വിളിക്കുന്നത് എന്നതിലുള്ള സങ്കടം കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്.” എന്നാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളോട് രജനികാന്ത് പറഞ്ഞത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽസലാം’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ഐശ്വര്യയുടെ പ്രസ്താവന. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്.

”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എന്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകള്‍ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്.

അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല.
ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു.” എന്നാണ് ഐശ്വര്യ അച്ഛനെ കുറിച്ച് പറഞ്ഞത്.