ഒരു നടനല്ല, എങ്ങനെ ഡയലോഗ് പഠിക്കണം എന്ന് മാത്രമായിരുന്നു ചിന്ത: 'കോട്ടയ'ത്തെ കുറിച്ച് സംഗീത് ശിവന്‍

ബിനു ഭാസ്‌കര്‍ ഒരുക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ “കോട്ടയം” ജനുവരി 17ന് തിയേറ്ററുകളിലെത്തുകയാണ്. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ ആദ്യമായി സ്‌ക്രീനിലേക്കെത്തുന്ന ചിത്രം കൂടിയാണ് കോട്ടയം. ഒരു അനുഭവത്തിന് വേണ്ടി മാത്രമാണ് താന്‍ അഭിനയിക്കാന്‍ ഒരുങ്ങിയതെന്നും എങ്ങനെ ഡയലോഗ് പഠിക്കണം എന്നതില്‍ മാത്രമായിരുന്നു തന്റെ ചിന്തയെന്നുമാണ് സംഗീത് ശിവന്‍ പറയുന്നത്.

“”ഞാന്‍ ഒരു നടനല്ല, എങ്ങനെ ഡയലോഗ് പഠിക്കണം എന്നായിരുന്നു എന്റെ ചിന്ത. ബിനു എന്റെ അടുത്ത സുഹൃത്ത് ആണ്. “ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്. അതില്‍ ഒരു റോള്‍ ചെയ്യാനൊക്കുമോ” എന്ന് എന്നോട് ചോദിച്ചു. ഓകെ പറഞ്ഞു. ഇത്രേം വലിയ കോംപ്ലക്‌സ് റോള്‍ ആണെന്നും വലിയ റോളാണെന്നും അറിഞ്ഞിരുന്നില്ല. ഒരു പുതിയ എക്‌സപീരിയന്‍സ് ആണ് ഒരു വ്യക്തി എന്ന നിലയില്‍ എന്തും ശ്രമിക്കും”” എന്ന് സംഗീത് ശിവന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

അനീഷ് മേനോന്‍, ചിന്നു കുര്യന്‍, അന്നപൂര്‍ണി ദേവരാജ, ഷഫീഖ്, നിസാന്‍, രവി മാത്യു, നിമ്മി റാഫേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നൈറ്റ് വോക്സിന്റെ ബാനറില്‍ സജിത് നാരായണനും ഭാര്യ നിഷ ഭക്തനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിന്‍ ഡൊമനിക് സംഗീതമൊരുക്കുന്ന ചിത്രം എഫ് സെമികോളന്‍ പിക്ചേഴ്സും നൈറ്റ് വോക്സും ചേര്‍ന്നാണ് വിതരണത്തിനെത്തിക്കുന്നത്.