മോഹന്‍ലാലിനെ നായകനാക്കി ഇനിയൊരു ചിത്രം ഉണ്ടാകുമോ?; സംഗീത് ശിവന്‍ പറയുന്നു

മലയാളികള്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍. ഇതില്‍ മോഹന്‍ലാല്‍ നായകനായെത്തിയ യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. യോദ്ധയിലെ അക്കൂസേട്ടനേയും ഉണ്ണിക്കുട്ടനേയുമൊന്നും മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാവില്ല. മോഹന്‍ലാലിനെ നായകനാക്കി ഇനിയൊരു സംഗീത് ശിവന്‍ ചിത്രം പ്രതീക്ഷിക്കാമോ?

മോഹന്‍ലാലിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിഷയം ഒത്തു വരികയാണെങ്കില്‍ അത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. “മോഹന്‍ലാല്‍ താരത്തില്‍ നിന്നും ഉയര്‍ന്ന് മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്. കണക്കുകളുടെ പിറകേയാണ് സിനിമയും. കോടി ക്ലബുകളില്‍ കയറുക എന്നതാണ് വിജയം നിശ്ചയിക്കുന്നത്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ എല്ലാവര്‍ക്കം ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാലിനെ വച്ച് അത്തരത്തിലൊരു സിനിമ ഉണ്ടാക്കാന്‍ ഇന്ന് പലരും മടിക്കും.”

“കാരണം അദ്ദേഹത്തിന്റെ താരമൂല്യം ഇന്ന് മറ്റൊരു തലത്തിലാണ്. കാലം മാറിയില്ലേ. അദ്ദേഹത്തിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിഷയം ഒത്തു വരികയാണെങ്കില്‍ അത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാം.” മനോരമയുമായുള്ള അഭിമുഖത്തില്‍ സംഗീത് ശിവന്‍ പറഞ്ഞു.