‘തൃശൂര്‍ പൂരത്തിലും ശബരിമലയിലും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ധൈര്യമുണ്ടോ?’

ചലച്ചിത്രകലയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് വലിയ മതേതരമായ/ദേശാന്തരമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കേരളത്തിന്റെ സര്‍ക്കാര്‍ വക ചലച്ചിത്രമേളയുടെ സംഘാടകര്‍ക്ക് ഇന്നുള്ള ഏറ്റവും വലിയ പരാതി അനിയന്ത്രിതമാം വിധം ആളുകൂടുന്നു എന്നതാണ്. സിനിമകളുടെ ഗുണനിലവാരം കുറയുന്നു എന്നതോ അനാവശ്യമായി ഉണ്ടാകുന്ന വിവാദങ്ങളുടെ എണ്ണം കൂടുന്നു എന്നതോ മലയാളം സിനിമകളില്‍ ഉണ്ടാകുന്ന നവതരംഗത്തെ വേണ്ടരീതിയില്‍ കാണാനാവുന്നില്ല എന്നതോ ഒരു പ്രശ്‌നമായി മുന്നില്‍ വരുന്നില്ല എന്നതാണ് അത്ഭുതം. കേരളത്തിലെ ചലച്ചിത്രകലാസ്വാദനത്തെ ഗുണകരമായി സ്വാധീനിക്കുന്നതില്‍ ചലച്ചിത്രമേള വഹിച്ച പങ്ക് ഒരുതരത്തിലും വിസ്മരിക്കാവുന്നതല്ല. അതിന്റെ നിരന്തരമായ പരിശ്രമം കൊണ്ടുതന്നെയാണ് ആളുകൂടാന്‍ തുടങ്ങിയതെന്നും സനല്‍ കുമാര്‍ പറഞ്ഞു.

ആളു കൂട്ടുന്നെങ്കില്‍ തന്നെ താരങ്ങളെ കാണാനോ സിനിമയുടെ തിളങ്ങുന്ന ഓളത്തില്‍ താളം തുള്ളാനോ അല്ല അവര്‍ കൂടുന്നത് സിനിമ കാണാനോ സിനിമ കാണുന്ന സമാനഹൃദയരെ കാണാനോ ചര്‍ച്ചകളില്‍ കൂടാനോ ആണവര്‍ കൂട്ടുന്നത്. അവര്‍ ഒരുപക്ഷെ ഒരു സിനിമ പോലും കാണുന്നുണ്ടാവില്ല. ചിലപ്പോള്‍ അവര്‍ എത്തുന്നത് കേരളത്തിന്റെ ഏതോ അറ്റത്തിരുന്ന് സമാനമായി ചിന്തിക്കുന്ന ഏതോ ഒരു സുഹൃത്തിനെ കാണാനാവും.

അങ്ങനെ ആരെയെങ്കിലും കണ്ടുമുട്ടാനുള്ള ഒരു കാരണം/സ്ഥലം/സന്ദര്‍ഭം മാത്രമായിരിക്കും അയാള്‍ക്ക്/അവള്‍ക്ക് ചലച്ചിത്രമേള. പക്ഷെ അതിലെന്താണ് കുഴപ്പം എന്ന ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. സ്‌കൂളില്‍ പോകുന്നത് പാഠപുസ്തകത്തിലുള്ളത് പഠിക്കാന്‍ മാത്രമായിരിക്കണം എന്നതരം അച്ചടക്ക ചിന്തകളില്‍ നിന്നല്ലേ ചലച്ചിത്രമേളയില്‍ എത്തുന്ന കൂടുതല്‍ പേരും സിനിമ കാണാനല്ല വരുന്നത് എന്നതരം പരിദേവനങ്ങള്‍ ഉണ്ടാകുന്നത്? അമ്പലങ്ങളിലെയോ പള്ളികളിലെയോ ഉത്സവങ്ങള്‍ അല്ലാതെ ആളുകൂടുന്ന എത്ര മതേതരമായ ഇടങ്ങള്‍ ഉണ്ട് എന്ന് നാം ചിന്തിക്കേണ്ടതില്ലേ. സിനിമാക്കൊട്ടക പോലെ മതേതരമായ സമ്മേളനം നടക്കുന്ന ഏതൊരിടമാണ് നമുക്ക് വേറെയുള്ളതെന്നും സനല്‍ ചോദിച്ചു.

ചലച്ചിത്രകലയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് വലിയ മതേതരമായ/ദേശാന്തരമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ്. ഭാഷക്കും ഭാവുകത്വത്തിനു പോലും അതീതമായ പൊതു ഇടങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് എളുപ്പം കഴിയുന്നു. ഇത് തിരിച്ചറിയുകയും അത്തരം ഇടങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുന്നതിനു പകരം ആളുകൂടുന്നു എന്നത് ഒരു ആശങ്കയും അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ നാം എന്തുതരം പുരോഗമന ചിന്തയെ ആണ് പുല്‍കുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. തൃശൂര്‍ പൂരത്തിനും മണ്ഡലകാലഭക്തജന പ്രവാഹത്തിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതേക്കുറിച്ച് ആലോചിക്കാന്‍ ധൈര്യമുണ്ടോ നമുക്ക് ? എത്ര ലാഘവത്തോടെ പക്ഷെ നമുക്ക് ഒരു സെക്കുലര്‍ ഇടത്തിലെ ജനത്തിരക്ക് നിയന്ത്രണവിധേയമാക്കാന്‍നമുക്ക് കഴിയുന്നുവെന്നും സനല്‍ പറഞ്ഞു