നിങ്ങള്‍ മാന്യമായി പ്രതികരിക്കണം, ആരുടെയും അംഗീകാരം ആവശ്യമില്ല; പൊട്ടിത്തെറിച്ച് സാമന്ത

നടന്‍ നാഗ്‌ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ പ്രത്യക്ഷപ്പെടുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ നടി സാമന്ത രംഗത്ത്. അത്തരം ആളുകളില്‍ നിന്നും താന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമന്ത വ്യക്തമാക്കി. അടുത്തിടെ ‘Elle’ മാസികയുടെ കവര്‍ചിത്രമായി സാമന്ത എത്തിയിരുന്നു. മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വേര്‍പിരിയലിനു ശേഷം തനിക്ക് നേരിടേണ്ടി വന്ന നിരന്തരമായ ട്രോളിംഗിനെക്കുറിച്ച് അവര്‍ മനസ് തുറന്നത്.

” നിരുപാധികമായ ഒരു സ്വീകാര്യത ഞാന്‍ ആവശ്യപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആളുകള്‍ നമുക്കിടയിലുണ്ട്. അവരോട് എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. എന്നാല്‍ അത്തരക്കാരുടെ പ്രതികരണം കുറച്ചുകൂടി മാന്യമായിരിക്കണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്” സാമന്ത പറഞ്ഞു.

 

നാലാം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുന്‍പുള്ള വിവാഹമോചന പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് നടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ഉണ്ടായി. ഇതിനെയെല്ലാം നടി ശക്തമായി നേരിട്ടിരുന്നു. വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് ശേഷം സാമന്തയും നാഗ ചൈതന്യയും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

 

അതിന്റെ നിയമനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാഗ്‌ചൈതന്യ സാമന്തക്ക് 200 കോടി രൂപ ജീവനാംശം വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഈയിടെ പുറത്തുവന്നിരുന്നു. എന്നാല്‍ താരം ഇതു സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.