ഞാന്‍ ചോര ഛര്‍ദ്ദിച്ചു കൊണ്ടിരിക്കുകയാണ്, വൈദ്യന്‍ ഫോണ്‍ പോലും എടുത്തില്ല.. കള്ളന്‍മാരായ വൈദ്യന്മാര്‍ തടിച്ചു കൊഴുക്കുകയാണ്: സലിം കുമാര്‍

കരള്‍ രോഗം പിടിപെട്ട തന്നെ വൈദ്യന്മാര്‍ പറ്റിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സലിം കുമാര്‍. താന്‍ അത്യാസന്ന നിലയിലായി രക്തം ഛര്‍ദ്ദിച്ചു കൊണ്ടിരിക്കുമ്പോഴും വൈദ്യന്‍ ഫോണ്‍ എടുത്തില്ല. ഡോക്ടര്‍മാരെ വെല്ലുവിളിച്ച വൈദ്യന്‍ പിന്നീട് തന്നോട് ആശുപത്രിയില്‍ പോകാനാണ് പറഞ്ഞത് എന്നാണ് താരം പറയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സലിം കുമാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചത്.

സലിം കുമാറിന്റെ വാക്കുകള്‍:

മഞ്ഞപ്പിത്തം വന്നാല്‍ ഉടനെ മറ്റുള്ളവര്‍ പറയും ഇന്ന സ്ഥലത്ത് ഒരു വൈദ്യന്‍ ഉണ്ട് അയാള്‍ ഒരു പൊടി മരുന്ന് തരും അത് കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. അല്ലാതെ മഞ്ഞപ്പിത്തം വന്ന് ആരും ആശുപത്രിയില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. മഞ്ഞപ്പിത്തം പലവിധമുണ്ടെന്നും അത് വൈദ്യരുടെ കഴിവിന്റെ അപ്പുറമാണെന്നും ആളുകള്‍ മനസിലാക്കുന്നില്ല. അവസാനം കരളൊക്കെ തകര്‍ന്ന് കഴിയുമ്പോള്‍ വൈദ്യര്‍ മെല്ലെ ഒഴിയും. സ്വന്തം അനുഭവത്തിലെ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.

എനിക്ക് കരളിന് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഗൂഗിളില്‍ നോക്കി, കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഒരു പ്രതിവിധി ഉള്ളൂ എന്ന് അറിഞ്ഞു. അത് ഞാന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. എറണാകുളത്തുള്ള എന്റെ സുഹൃത്തായ ഡിവൈഎസ്പി എന്നോട് പറഞ്ഞു സലീമേ ഒറ്റപ്പാലത്ത് ഒരു വൈദ്യന്‍ ഉണ്ട്, അദ്ദേഹം കാന്‍സര്‍ വരെ മാറ്റുന്ന വൈദ്യനാണ് നമുക്ക് അദ്ദേഹത്തെ പോയി കാണാമെന്ന്. വൈദ്യര്‍ എന്നോട് പറഞ്ഞു നിലംപരണ്ട എന്നൊരു മരുന്നുണ്ട്. അത് 51 ദിവസം കഞ്ഞിയിലിട്ട് കുടിക്കൂ എന്ന് പറഞ്ഞു. ഞാന്‍ 51 അല്ല 501 ദിവസം കഴിച്ചിട്ടും ഈ സാധനം മാറുന്നില്ല. ഞാന്‍ ഒരു ദിവസം വൈദ്യരെ വിളിച്ചു. വിളിച്ചപ്പോള്‍ വൈദ്യര്‍ പറഞ്ഞു ”സലീമേ എനിക്ക് കാന്‍സര്‍ ഫോര്‍ത്ത് സ്റ്റേജ് ആണ്, ഞാന്‍ വെല്ലൂര്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ നില്‍ക്കുകയാണ്” എന്ന്.

ഇത് കഴിഞ്ഞപ്പോള്‍ ഇതേ പൊലീസുകാരന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു സലീമേ ചേര്‍ത്തല ഒരു വൈദ്യന്‍ ഉണ്ട്. എനിക്ക് ഓപ്പറേഷന്‍ ചെയ്യാന്‍ പേടി ആണ്. അതുകൊണ്ട് ഞങ്ങള്‍ ചേര്‍ത്തല ചെന്നു. തട്ടിപ്പാണെന്ന് അന്നേ മനസിലായി. ആ വൈദ്യരുടെ പേരാണ് മോഹനന്‍ വൈദ്യര്‍. പുള്ളി എന്നോട് പറഞ്ഞു ഇംഗ്ലീഷില്‍ ഇതിനു മരുന്നില്ല. അയാള്‍ കുറെ മരുന്ന് കുറിച്ച് തന്നു. തൊട്ടപ്പുറത്ത് ഇയാള്‍ ജൈവ വളം കൊണ്ട് ഉല്‍പാദിപ്പിച്ച നെല്ല്, ചേന, കാച്ചില്‍ ഒക്കെ ഇരിപ്പുണ്ട് ഇതും വാങ്ങണം നമ്മള്‍. ഭയങ്കര വിലയാണ്. ഇതേ കഴിക്കാന്‍ പാടുള്ളൂ. ഇതല്ലാതെ വേറൊന്നും കഴിക്കരുത് എന്ന് പറഞ്ഞിട്ട് ഒരു പശു കഴിക്കുന്ന പുല്ല് പറിച്ചു തന്നു. ബാക്കി ഉള്ളത് ഭാര്യ വീട്ടില്‍ നിന്ന് പറിക്കണം. ഞാന്‍ ഈ സാധനം കഴിച്ചു തുടങ്ങി. എനിക്ക് ഛര്‍ദ്ദില്‍ തുടങ്ങി. ചോര ആണ് ഛര്‍ദ്ദിക്കുന്നത്.

എന്റെ മകന്‍ വൈദ്യരെ വിളിച്ചു ചോദിച്ചു എന്താണ് ഇങ്ങനെ വൈദ്യര്‍ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട് അത് പുറത്തുകളയാന്‍ ഞാന്‍ ഒരു മരുന്ന് കൊടുത്തിട്ടുണ്ട് അത് ഛര്‍ദ്ദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടല്‍ കൂടി പുറത്തു വരുന്ന തരത്തില്‍ ചോര ഛര്‍ദിക്കുകയാണ്. ഞാന്‍ മകനോട് പറഞ്ഞു ഒന്നുകൂടി വിളിച്ച് ചോദിക്ക്. അവന്‍ വിളിച്ചിട്ട് പറഞ്ഞു അച്ഛാ അയാള്‍ ഫോണ്‍ എടുക്കുന്നില്ല. കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ അയാള്‍ എടുത്തു എന്നിട്ട് പറഞ്ഞു, ”വേഗം ആശുപത്രിയില്‍ കൊണ്ടുപോയി കൊള്ളൂ” എന്ന്. ഞാനെന്റെ സുഹൃത്ത് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞു ഈ വൈദ്യന്‍ കള്ളനാണ്.

അപ്പോള്‍ പുള്ളി പറഞ്ഞു മലയാറ്റൂര്‍ ഒരു വൈദ്യന്‍ ഉണ്ട് അവിടെ പോകാം. അങ്ങനെ ഞാനും ഭാര്യയും അദ്ദേഹവും കൂടി മലയാറ്റൂര്‍ വൈദ്യരെ കാണാന്‍ പോയി. അയാള്‍ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക വേറെ എന്തോ സാധനവും കൂടി അതില്‍ ഇടും. രാവിലെ മുതല്‍ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന്  ലേഹ്യം റെഡിയാക്കി. ഇത് ഞാന്‍ കഴിച്ചതും ഛര്‍ദ്ദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു ശരീരം റിജക്ട് ചെയ്യുകയാണ് എന്ന് പറഞ്ഞു.

ഇപ്പോള്‍ വയനാട്ടില്‍ ഒരു വൈദ്യര്‍ എന്നെ ചികിത്സിച്ചു എന്ന പേരും പറഞ്ഞു ചികിത്സിക്കുന്നുണ്ട് ഞാനാണ് സലിംകുമാറിന്റെ അസുഖം മാറ്റിയത് എന്ന് പറഞ്ഞിട്ട്. എന്റെ പൊടി മരുന്ന് കൊടുത്തിട്ടാണ് സലിംകുമാര്‍ രക്ഷപ്പെട്ടത് എന്നാണ് അയാള്‍ പറയുന്നത്. ഞാന്‍ അയാളെ കണ്ടിട്ട് പോലും ഇല്ല. ഞാന്‍ എവിടെയൊക്കെ ചെന്നിട്ടുണ്ടോ ആ വൈദ്യന്മാരെല്ലാം എന്റെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ട്. പിന്നീട് വൈദ്യരെ കാണാന്‍ പോയപ്പോള്‍ വൈദ്യര്‍ ചോദിച്ചു, ”വെയിറ്റ് ഇപ്പോള്‍ എങ്ങനെയുണ്ട്” ഞാന്‍ എന്റെ വീട്ടിലെ നോക്കിയപ്പോള്‍ 5 കിലോ കൂടിയിട്ടുണ്ട് അപ്പോള്‍ വൈദ്യര്‍ പറയുകയാണ് കണ്ടോ മരുന്നു ഫലിക്കുന്നുണ്ട്. എന്നാല്‍ മെഷീന്‍ കേടായിരുന്നു. ഈ കള്ളന്‍മാരൊക്കെ തടിച്ചു കൊഴുക്കുക തന്നെയാണ്.