ആകെ അസ്വസ്ഥതയായി, സ്റ്റേജില്‍ നിന്നറങ്ങി ഓടി വന്ന് കരഞ്ഞു: സായ് പല്ലവി

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. ഡാന്‍സ് റിയാലിറ്റി ഷോയില്‍ സജീവമായിരുന്ന സായ് ‘പ്രേമം’ സിനിമയിലൂടെയാണ് അഭിനയത്തില്‍ സജീവമാകുന്നത്. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ ഒരിക്കല്‍ താന്‍ പകുതിക്ക് വച്ച് ഇറങ്ങി ഓടിയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് ഇപ്പോള്‍.

താന്‍ ഒരു നര്‍ത്തകിയാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണെന്നും അമ്മയുടെ വയറ്റില്‍ കിടന്നേ ഡാന്‍സ് തുടങ്ങിയരുന്നു. ഐശ്വര്യ റായിയും മാധുരി ദിക്ഷിതും ഡാന്‍സ് ചെയ്യുന്ന വീഡിയോ അമ്മ സ്ഥിരമായി കാണിച്ചിരുന്നു. അത് കണ്ടാണ് ചുവടുകള്‍ വയ്ക്കാന്‍ പഠിച്ചത്.

അഞ്ചോ, ആറോ വയസുള്ളപ്പോള്‍ അമ്മയാണ് തന്നെ ഡാന്‍സ് മല്‍സരത്തിന് കൊണ്ട് ചേര്‍ത്തത്. ഇന്റര്‍സ്‌കൂള്‍ മല്‍സരമായിരുന്നു. അന്ന് ബോയ്കട്ട് ആയിരുന്നു മുടി. അതുകൊണ്ട് നീളന്‍ മുടിയാണെന്ന് തോന്നിപ്പിക്കുന്നതിനായി ഒരു ഷാള്‍ മുടിയോട് ചേര്‍ത്ത് മേക്കപ്പ് മാന്‍ പിന്‍ ചെയ്തു വച്ചു.

അത് കുത്തിവച്ചത് ആകെ അസ്വസ്ഥതയുണ്ടാക്കി വച്ചതോടെയാണ് സ്റ്റേജില്‍ നിന്നിറങ്ങി ഓടി വന്ന് കരഞ്ഞത് എന്നാണ് സായ് പല്ലവി ഒരു ചാറ്റ് ഷോയില്‍ പറയുന്നത്. ‘ദില്‍ തോ പാഗല്‍ ഹേ’ ഗാനത്തിനാണ് താന്‍ ആദ്യമായി ചുവട് വച്ചതെന്നും സായ് പറയുന്നുണ്ട്.

‘പുഷ്പ 2’ ആണ് സായ് പല്ലവിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം. ഗംഭീര വിജയമായ ‘പുഷ്പ’ ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സായ് ഇല്ലായിരുന്നു. രശ്മിക മന്ദാന ആയിരുന്നു നായിക. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തില്‍ എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തിയത്.