നൂറുകണക്കിന് ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്; രണ്ടു കോടിയുടെ പരസ്യം നിരസിക്കാനുള്ള കാരണമുണ്ട്, സായ് പല്ലവി പറയുന്നു

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സായ് പല്ലവി. സൗന്ദര്യവര്‍ധക വസ്തുക്കളുടെ രണ്ടു കോടിയുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം നിരസിച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പണമല്ല, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി.

എല്ലായ്‌പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും പണം മോഹിപ്പിച്ചിട്ടില്ലെന്നും സായ് പല്ലവി പറയുന്നു. പ്രേമത്തിന് മുമ്പ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും പുറത്തു പോകാന്‍ പോലും മടിയായിരുന്നു. ആളുകള്‍ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക എന്നായിരുന്നു വിചാരം.

എന്നാല്‍ പ്രേമത്തിനു ശേഷം ആളുകള്‍ മുഖക്കുരുവുള്ള മുഖത്തോടെ തന്നെ സ്വീകരിച്ചു. കൗമാര പ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം സ്വാധീനിച്ചു. അത് തന്നെ കൂടുതല്‍ കരുത്തയാക്കി. അവരാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയത്. അതിനാല്‍ അവര്‍ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തനിക്കുണ്ട് എന്ന് താരം ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

ഇങ്ങനെയൊന്നും പ്ലാന്‍ ചെയ്തല്ല സിനിമയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. തന്റെ വീട്ടില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും സായ് പല്ലവി പറയുന്നു. തന്റെ അനുജത്തി തന്നേക്കാളും ഡാര്‍ക്ക് ആണ്. അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍ “ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണം” എന്ന് അമ്മ പറയും. അതിനാല്‍ ഇഷ്ടമല്ലെങ്കിലും അവള്‍ അതെല്ലാം കഴിക്കും.

ഇതെല്ലാം കണ്ടാണ് താന്‍ വളര്‍ന്നത്. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നി. മറ്റാര്‍ക്കും വേണ്ടിയല്ല സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും തനിക്കിത് ചെയ്യണമായിരുന്നു. അല്ലാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം. അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്നും താരം വ്യക്തമാക്കി.