സമ്മതമില്ലാതെ ആരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തെറ്റാണ്'; പൊലീസിന് നന്ദി പറഞ്ഞ് രശ്മിക മന്ദാന

ഡീപ്ഫേക്ക് വീഡിയോ നിർമിച്ച കേസിലെ പ്രധാനപ്രതി അറസ്റ്റിലായ സംഭവത്തിൽ ഡൽഹി പൊലീസിന് നന്ദി പറഞ്ഞ് ബോളിവുഡ് താരം രശ്‌മിക മന്ദാന. അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തെറ്റാണെന്ന് സോഷ്യൽ മീഡിയകളിലൂടെ നടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായത്. വീഡിയോ നിർമിച്ച ആളാണ് അറസ്റ്റിലായിരിക്കുന്നത്. ആന്ധ്രാപ്രദേശത്തിൽ നിന്ന് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ വർഷം നവംബറിലാണ് രശ്മികളുടെ ഡീപ്ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം വിവാദമായതോടെ ഡൽഹി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേൽ എന്ന യുവതിയുടേതാണ് യഥാർത്ഥ വീഡിയോ.

എഐ ഡീപ് ഫേക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കാജോൾ, ഐശ്വര്യ റായ് എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 469, ഐടി നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.