റെക്കോര്‍ഡ് ചെയ്യുന്നില്ലെന്ന് പറഞ്ഞിട്ടും അവര്‍ അത് ടെലികാസ്റ്റ് ചെയ്തു.. എന്റെ വീട്ടുവരാന്തയില്‍ ഇരുന്നാണ് ഞാന്‍ സംസാരിച്ചത്, അല്ലാതെ ചെയര്‍മാന്റെ കസേരയില്‍ ഇരുന്നല്ല..: രഞ്ജിത്ത്

കേരള ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. രഞ്ജിത്തിന് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ താന്‍ തയാറാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത് വീണ്ടും. ”അക്കാദമി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നു കൊണ്ടല്ല ഞാന്‍ അഭിപ്രായം പറഞ്ഞത്. ഞാന്‍ എന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണത്. തീര്‍ത്തും സൗഹൃദ സംഭാഷണമാണത്.”

”വീടിന്റെ ഡോര്‍ ഞാന്‍ അടക്കാറില്ല. പത്രക്കാര്‍ വന്നു. അവര്‍ ചോദ്യം ചോദിക്കുകയാണ്. അവര്‍, ഏറെ ദൂരത്ത് നിന്ന് വന്നതല്ലെ. ഞാന്‍ സംസാരിച്ചു. ശരിയായ രീതിയില്‍ വസ്ത്രം പോലും ധരിച്ചിരുന്നില്ല. ചിലര്‍ വിളിച്ച് ചോദിച്ചു. നല്ല കുപ്പായം ഇട്ടൂടേയെന്ന്.”

”എന്റെ പഴയകാല സിനിമകളെ കുറിച്ച് ചോദ്യങ്ങള്‍ വന്നപ്പോള്‍, അതല്ല, ചലചിത്രമേളയെ കുറിച്ചൊക്കെ ചോദിക്കൂവെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റില്‍സ് എടുക്കുന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോള്‍ അത് ടെലിക്കാസ്റ്റ് ചെയ്തു.”

”തൂവാനത്തുമ്പികളിലെ ഭാഷയെ കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. തൃശൂര്‍ ഭാഷ ഉപോഗിച്ചതിനെ കുറിച്ച്. ഇന്ന് ഒരാള്‍ വിളിച്ച് പറഞ്ഞു അതെ കുറിച്ച് മോഹല്‍ ലാല്‍ നടത്തിയ പ്രതികരണത്തെ കുറിച്ച്. ലാല്‍ പറഞ്ഞത് അന്ന് തിരുത്താന്‍ ആളില്ലായിരുന്നു എന്നാണ്. അതാണ് അതിന്റെ സ്പിരിറ്റ്.”

”എനിക്കതിന്റെ സ്വാതന്ത്ര്യമുണ്ട്. മമ്മൂക്കയെ കുറിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. മമ്മൂക്ക ഇക്കാര്യത്തില്‍ കൂടുതല്‍ അധ്വാനിക്കും. ഇത് എനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ അവരോടൊപ്പം ജോലി ചെയ്തയാളാണ്. ലാലിനോടും ഞാന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്” എന്നാണ് രഞ്ജിത്ത് പറയുന്നത്.