തെന്നിന്ത്യന്‍ സിനിമ ബോളിവുഡിനെ വൈറസ് പോലെ ആക്രമിക്കുകയാണ്, വാക്‌സിന്‍ കണ്ടുപിടിക്കണം: രാം ഗോപാല്‍ വര്‍മ്മ

 

സൂപ്പര്‍ഹിറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് പാഴ്‌ചെലവാണെന്ന് രാംഗോപാല്‍ വര്‍മ്മ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജഴ്‌സി സിനിമയുടെ കലക്ഷനെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ ബോളിവുഡ് പഠിക്കേണ്ടിയിരിക്കുന്നു. തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണ്.

തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ഇതിനെതിരെ ഒരു വാക്‌സീന്‍ കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചെന്നും രാംഗോപാല്‍ വര്‍മ പറയുന്നു.

പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയങ്ങള്‍ക്ക് ശേഷം ഇനി റീമേക്കിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കാരണം തെന്നിന്ത്യന്‍ സിനിമകള്‍ അതേപടി തന്നെ ഹിന്ദി പ്രേക്ഷകര്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ബോളിവുഡിന് മുന്നിലും പിന്നിലുംനിന്ന് അടികിട്ടുകയാണ്.

 

റീമേക്ക് ചെയ്യുന്നതിന് പകരം ചിത്രങ്ങള്‍ ഡബ്ബ് ചെയ്തിറക്കുന്നതാണ് നല്ലത്. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥയാണെങ്കില്‍ താരമോ ഭാഷയോ നോക്കാതെ അവര്‍ കാണുമെന്ന് ഉറപ്പാണ്. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കോവിഡ് വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്. ബോളിവുഡ് ഉടന്‍ തന്നെ ഒരു വാക്‌സീന്‍ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.