രാജമൗലി ഇനി പറയുന്നത് ആദിവാസി പോരാട്ടങ്ങളുടെ കഥ, ആര്‍ആര്‍ആറില്‍ നായിക ആലിയ

ബാഹുബലിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രാജമൗലി. ചിത്രം സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുകയെന്ന് രാജമൗലി അറിയിച്ചു. “കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. രണ്ട് പേരും പരസ്പരം കണ്ടിട്ടില്ല. അവര്‍ തമ്മില്‍ കണ്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു, അവര്‍ തമ്മില്‍ പരസ്പരം അറിയുമായിരുന്നുവെങ്കിലെന്താകുമായിരുന്നു. ഇതാണ് ആര്‍ആര്‍ആര്‍ പറയുന്നത്. ചിത്രം പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്.”

രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ്. 350 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മറ്റൊരു പീരിയോഡിക്കല്‍ സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പങ്കു വെച്ചത്.

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ ഏറ്റവും ഒടുവിലാണ് അതിലെ കഥാപാത്രം വേറെയാരുമല്ല ചെഗുവേര തന്നെയാണ് എന്ന് പറയുന്നത്. അതുപോലെ രണ്ട് പേരുടെ കഥ മുഴുവന്‍ പറഞ്ഞതിന് ശേഷം അവസാനം അവര്‍ ആരായി തീര്‍ന്നുവെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിക്കുകയായിരുന്നുവെന്നും അതില്‍ നിന്നാണ് ചിത്രം ആരംഭിച്ചതെന്നും രാജമൗലി പറഞ്ഞു.

ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അജയ് ദേവ്ഗണ്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ജൂലായില്‍ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍യിരിക്കും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ധനയ്യയാണ് ചിത്രം നിര്‍മിക്കുക. ബാഹുബലി പോലെ തന്നെ വിഷ്വല്‍ എഫക്ട്സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും “ആര്‍ ആര്‍ ആര്‍”.