ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു: പൃഥ്വിരാജ് പറയുന്നു

കോവിഡിന് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ പൃഥ്വിരാജ് 96.7 എഫ്.എമ്മില്‍ അവതാരകന്‍ മിഥുന്‍ രമേശിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ലോക്ഡൗണ്‍ സമയത്ത് ദിവസവും മോഹന്‍ലാലിനെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നെന്നും മലയാളസിനിമ തിയറ്റര്‍ റിലീസ് ഇല്ലാതെ ഏറെക്കുറെ സ്തംഭിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ അവരെല്ലാം വിഷമത്തിലാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സിനിമാ ഇന്‍ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ കൊവിഡ് സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

 

എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ നല്‍കിയ അവസരങ്ങള്‍ സിനിമയെ മുഴുവനായും സ്തംഭിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

 

പ്രേമം സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ‘ബ്രോ ഡാഡി’യും ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് തയാറെടുക്കുകയാണ്.