എനിക്കും സുപ്രിയക്കും ആലിക്കും നീ ഒരു സുഹൃത്തിനേക്കാള്‍ എത്രയോ അപ്പുറം,അഭിമാനത്തോടെയാണ് ആ ബിഗ് എം നിന്റെ പേരിനൊപ്പം ചേര്‍ക്കുന്നത്: ദുല്‍ഖറിനെ കുറിച്ച് പൃഥ്വിരാജിന്റെ കുറിപ്പ്

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. നടന് ജന്മദിനാശംസകള്‍ നേരുകയാണ് സിനിമാലോകവും ആരാധകരും . ഇതിനിടയില്‍ നടന്‍ പൃഥ്വിരാജിന്റെ ഹൃദ്യവുമായ ജന്മദിന ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. തനിക്കും സുപ്രിയക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് ദുല്‍ഖറെന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ ദുല്‍ഖറിന് ഒരു അഭിനിവേശമാണെന്നും പൃഥ്വിരാജ് പറയുന്നു.

“ഹാപ്പി ബര്‍ത്ത്ഡേ ബ്രദര്‍ മാന്‍. സുപ്രിയക്കും എനിക്കും ആലിക്കും നീ ഒരു സുഹൃത്തിനേക്കാള്‍ എത്രയോ അപ്പുറമാണ്. ഏറ്റവും കൂളായ ഒരാളും ഏറ്റവും നല്ലവനായ ഒരാളും ഒന്നിച്ചു ചേര്‍ന്നാല്‍ എങ്ങനെയിരിക്കും, അതാണ് നീ.

നീ നേടിയ എല്ലാ നേട്ടങ്ങളും നിനക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ്. നിന്റെ കഴിവിനെ കുറിച്ചും സിനിമയെ കുറിച്ചും നീ എത്രമാത്രം പാഷനേറ്റ് ആണെന്ന് എനിക്ക് നേരിട്ട് അറിയാവുന്നതാണല്ലോ. പിന്നെ, എത്ര അഭിമാനത്തോടെയാണ് ആ ബിഗ് എം (മമ്മൂട്ടി) എന്ന പേര് നിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്നത്.

കുടുംബങ്ങള്‍ക്കും സിനിമകള്‍ക്കും കാറുകള്‍ക്കും നമ്മുടെ കൊച്ചു പെണ്‍കുട്ടികള്‍ ഒന്നിച്ചു വളര്‍ന്നു വലുതാവുന്നതിനുമെല്ലാം ആശംസകള്‍. ഒരുപാട് സ്നേഹം,” പൃഥ്വരാജിന്റെ കുറിപ്പില്‍ പറയുന്നു.