ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി, എന്തൊരു കളിക്കാരനാണ് എംബാപെ: പൃഥ്വിരാജ്

ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പോകാനുള്ള സാഹചര്യമുണ്ടായിട്ടും താന്‍ മിസ് ആക്കി കളഞ്ഞതാണെന്ന നിരാശ പങ്കുവച്ച് പൃഥ്വിരാജ്. കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ മത്സരമാണ് ഫൈനലില്‍ കണ്ടത്. ഇനി ഒരു പത്ത് വര്‍ഷക്കാലത്തേക്ക് നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത് എംബാപെ എന്ന പേരായിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

”ഞാന്‍ അത്ര വലിയ സോക്കര്‍ ഫാന്‍ അല്ല. ഇന്നലെ കളിയുടെ ഫൈനല്‍ ഞാന്‍ കണ്ടു. എനിക്ക് നേരിട്ട് കളി കാണാന്‍ പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഒരു കളി കാണാന്‍ വേണ്ടി പോയിട്ട് വരണ്ടേ എന്ന് കരുതി വേണ്ടെന്നു വച്ചു. പക്ഷേ കളി കണ്ടു കൊണ്ടിരുന്നപ്പോള്‍ ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി.”

”ഏറ്റവും മികച്ച ഫൈനലുകളില്‍ ഒന്നായിരുന്നു അത്. മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ആണ്. ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരമാണ് അദ്ദേഹം. പക്ഷേ എനിക്ക് തോന്നുന്നത് അടുത്ത പത്തു വര്‍ഷക്കാലം എംബാപെ എന്ന പേരായിരിക്കാം നമ്മള്‍ കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത്. എന്തൊരു കളിക്കാരനാണ് എംബാപെ” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലോകഫുട്‌ബോളിലെ രാജാക്കന്മാര്‍ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവില്‍ പെനാല്‍റ്റി ആവേശത്തിനൊടുവില്‍ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ്ാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയില്‍ പെനാല്‍റ്റിയില്‍ 4-2ന് ആണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.