'റാം' ഒരുക്കുക ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ പാറ്റേണില്‍: ജീത്തു ജോസഫ്

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വല്‍ത്ത് മാനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ട്വല്‍ത്ത് മാന്‍ നിര്‍മ്മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഇരുവരും ഒന്നിച്ച്, നേരത്തെ പുറത്തിറങ്ങിയ ദൃശ്യം വലിയ വിജയമായിരുന്നു നേടിയത്. മലയാളത്തിന് വീണ്ടും ഒരു ഹിറ്റ് ചിത്രം കൂടി സമ്മാനിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്.

ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന റാം ആണ് ഇരുവരുടേതുമായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഖ്യാപനം മുതല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റേതായി ഇനി പൂര്‍ത്തീകരിക്കാനുള്ള ഭാഗം മുഴുവന്‍ വിദേശ രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ റാമിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. ആക്ഷന്‍ ചിത്രമായ റാം ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ പാറ്റേണിലാണ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്.  സാധാരണ നമ്മള്‍ ഇവിടെ കണ്ടു വരുന്ന ആക്ഷന്‍ ചിത്രങ്ങളേക്കാള്‍, കുറച്ചു കൂടി റിയലിസ്റ്റിക്കായി, ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ പാറ്റേണ്‍ പിന്തുടര്‍ന്നാവും ഈ ചിത്രമൊരുക്കുക. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ കൊണ്ട് വരുന്നുണ്ട്. ജൂലൈ പകുതിയാവുമ്പോള്‍ ഷൂട്ട് തുടങ്ങാമെന്നാണ് പ്ലാന്‍. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാമെന്നാണ് കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.