'ദേഷ്യം വരുന്നോണ്ടോ' എന്ന് അമ്പിളിച്ചേട്ടനോട് ഞാന്‍ ചോദിച്ചു, മറുപടി ഇങ്ങനെയായിരുന്നു...: നവ്യ നായര്‍

പത്തു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. നന്ദനം സിനിമയിലെ ബാലാമണിയെ പോലെ പ്രേക്ഷകര്‍ക്ക് എളുപ്പം ചേര്‍ന്ന്ു നില്‍ക്കാനും സ്‌നേഹിക്കാനും കഴിയുന്ന കഥാപാത്രമാണ് ഒരുത്തീ ചിത്രത്തിലെ രാധാമണി എന്നാണ് നവ്യ പറയുന്നത്.

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ ജഗതി തന്നോട് പറഞ്ഞ വാക്കുകളും നവ്യ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് അന്ന് നന്ദനത്തില്‍ അഭിനയിക്കാന്‍ എത്തിയത് എന്നാണ് നവ്യ പറയുന്നത്.

ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ നല്ല ടൈമിങ്ങുള്ള കുട്ടിയാണെന്നു പറഞ്ഞ് അമ്പിളിച്ചേട്ടന്‍ അഭിനന്ദിച്ചതുള്‍പ്പെടെ ചിത്രീകരണവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരുപാടോര്‍മകള്‍ ഇന്നും മനസിലുണ്ട്. രാവിലെ മുതല്‍ മേക്കപ്പിട്ട് വിഗ്ഗുമെല്ലാം വച്ച് ഷോട്ടിനായി കാത്തിരുന്ന അമ്പിളിച്ചേട്ടന്‍.

ഉച്ച കഴിഞ്ഞിട്ടും ഷൂട്ടിംഗ് തുടങ്ങാതായപ്പോള്‍, ‘ദേഷ്യം വരുന്നോണ്ടോ’ എന്ന് താന്‍ ചോദിച്ചു. ‘മൂന്നു ദിവസത്തെ ഡേറ്റാണ് താന്‍ കൊടുത്തത് അതവര്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. അത്രയും ദിവസം ഇവിടെ ഇരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്’.

‘ഷൂട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ഡേറ്റ് കഴിഞ്ഞാല്‍ എനിക്കു പോകാം. ക്ഷമയോടെ കാത്തിരിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ്.’ പ്രൊഫഷണലായ ഒരു നടനില്‍ നിന്നു മാത്രം ലഭിക്കുന്ന ഉത്തരമായിരുന്നു അത്. ഇങ്ങനെ, നന്ദനം നല്‍കിയ പാഠങ്ങള്‍ ഒരുപാടുണ്ട് എന്നാണ് നവ്യ പറയുന്നത്.