കമലും ലോഹിയും റിജക്ട് ചെയ്തു, ഞാന്‍ ഉദ്ദേശിച്ച നടന്‍ നിങ്ങളല്ലെന്നാണ് അന്ന് അദ്ദേഹവും എന്നോട് പറഞ്ഞത്: നരേന്‍

മലയാള സിനിമയിലൂടെ അരങ്ങേറി തമിഴിൽ സജീവമായ നടനാണ്  നരേൻ. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും തുടക്കകാലത്ത് നേരിട്ടിരുന്ന പിൻതള്ളലുകളെ കുറിച്ചും നരേൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. വളരെ കഷ്ടപ്പെട്ട് സിനിമയിലെത്തിയ ആളാണ് താൻ എന്നാണ് അദ്ദേഹം പറ‍ഞ്ഞത്.

അഭിനയിക്കണമെന്ന ആ​ഗ്രഹത്തിൻ നടന്ന തനിക്ക് സിനിമറ്റോ​ഗ്രഫി കോഴ്സ് പറഞ്ഞ് തന്നത് ഫാസിൽ സാറ് ആണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സമയത്ത് കമൽ സാർ, ലോഹി സാർ എല്ലാവരും തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. ലോഹി സാർ രണ്ട് തവണ തന്നെ റിജക്ട് ചെയ്തുവെന്നും നരേൻ പറയുന്നു.

അഭിനയത്തിലേയ്ക്ക് താൻ ആദ്യം എത്തുന്നത് സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ തന്റെ ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമിലൂടെയാണ്. താൻ കുറേ കഥ കേട്ടിട്ടുണ്ടെന്നും അച്ചുവിന്റെ അമ്മ കഴിഞ്ഞപ്പോഴാണ്  സമാധാനമായതെന്നും നരേൻ പറയുന്നു. തൻ്റെ കരിയറിൽ വഴിത്തിരിവായ സിനിമകളിൽ മിക്കതും പിറന്നത് തമിഴിലായിരുന്നു. ദിവാകർ വഴിയാണ് തനിക്ക് മിഷ്‌കിൻ്റെ സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മിഷ്‌കിന്‍ പറഞ്ഞ കഥകേട്ടപ്പോള്‍ തനിക്ക് റിജക്ട് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ അദ്ദേഹം തന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നു.

ഞാന്‍ ആ സമയത്ത് ക്ലീന്‍ ഷേവായിരുന്നു. താടിയും മുടിയും നീട്ടി വന്നാല്‍ ശരിയാവുമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാലും ഒരു പരിധി ഇല്ലെയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ഞാന്‍ താടിയും മുടിയും നീട്ടി കാണാന്‍ ചെന്നു, അപ്പോള്‍ മിഷ്‌കിന്‍ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു,’ നരേന്‍ പറഞ്ഞു.

അങ്ങനെയാണ് മിഷ്‌കിന്റെ ആദ്യ സിനിമയിലെത്തുന്നതെന്നും അറുപത് ദിവസത്തെ ഷൂട്ട് എന്ന് പറഞ്ഞിട്ട് ആറുമാസത്തോളം സിനിമയുടെ ഷൂട്ടിങ്ങ് നീണ്ടുവെന്നും നരേന്‍ പറഞ്ഞു.

ആറുമാസം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നീണ്ടുപോയി. താൻ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാൻ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാൻ വരെ തുടങ്ങി. പക്ഷെ പകുതിയ്ക്ക് വച്ച് നിർത്തി വരാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.

ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാൻ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതിൽ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവൾ എന്നെ കളിയാക്കാൻ തുടങ്ങിയെന്നും നരേൻ ഓർക്കുന്നുണ്ട്.

ഒടുവിൽ ചിത്രം റിലീസായി. പക്ഷെ തീയേറ്ററിൽ ഉണ്ടായിരുന്നത് വെറും 50 പേർ മാത്രമായിരുന്നു. ഇതോടെ സങ്കടമായി. കണ്ണു നിറഞ്ഞു. എന്നാൽ സിനിമ വരും ദിവസങ്ങളിൽ ചർച്ചയായി മാറി. ഇതോടെ റി റിലീസ് ചെയ്തു. 125 ദിവസമായിരുന്നു ആ സിനിമ ഓടിയത്. ചിത്തരം പേശുതടിയായിരുന്നു ആ സിനിമ. ഭാവനയായിരുന്നു ചിത്രത്തിൽ നായികയായെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു