തന്നേക്കാള്‍ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക്, സെറ്റിലെ പെരുമാറ്റം അസഹനീയമെന്നും തെലുങ്ക് നടന്‍

പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സായ് പല്ലവി. പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും താരം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം കാരുവിലെ നായകന്‍ നാഗശൗര്യയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്ക്, സെറ്റില്‍ തികച്ചും അനാവശ്യമായ കാര്യങ്ങള്‍ക്കാണ് സായ് ബഹളം വയ്ക്കുന്നത്. അത് എല്ലാവരുടെയും ആത്മവിശ്വാസം ഇടിച്ചുകളയും. ഫിദ എന്ന ചിത്രം വിജയമായിരുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് അവരുടെ കഴിവു കൊണ്ട് മാത്രമല്ലല്ലോ? അവരുടെ പെരുമാറ്റം എന്നെ വളരെ വേദനിപ്പിച്ചു. നാഗ ശൗര്യ പറഞ്ഞു.

മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്‌കരിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ സായ് പല്ലവി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയാണ് നായകന്‍.