'ആമിയെ മറ്റാരേക്കാളും മനസ്സിലാക്കിയത് മാധവദാസ് തന്നെ' - മുരളി ഗോപി

മാധവിക്കുട്ടിയെ ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ളത് ഭര്‍ത്താവ് മാധവദാസ് തന്നെയായിരുന്നുവെന്ന് നടന്‍ മുരളി ഗോപി. ഫ്‌ലവേഴ്‌സ് ടിവിയിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുത്തു സംസാരിയ്ക്കുമ്പോഴാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവദാസായി വേഷമിടുന്നത് മുരളി ഗോപിയാണ്.

“സ്വപ്‌നാടകയെപോലെ ജീവിച്ച സാഹിത്യകാരിയാണ് മാധവിക്കുട്ടി. അവരെ പൂര്‍ണ്ണമായും മനസിലാക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല. എല്ലാവര്‍ക്കും അപ്രാപ്യമായ ഒരു ലോകത്തായിരുന്നു അവര്‍ ജീവിച്ചിരുന്നത്. നമ്മുടെ കാഴ്ച്ചയ്ക്കുമപ്പുറം നീണ്ടു കിടക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അവര്‍. ഈക്കാര്യം മറ്റാരേക്കാള്‍ മനസിലാക്കിയ ഒരാളായിരുന്നു മാധവദാസ്”. മുരളി ഗോപി പറഞ്ഞു.

“അദ്ദേഹത്തിന് കമല എന്ന തന്റെ ഭാര്യയെപ്പോലെ തന്നെ മാധവിക്കുട്ടി എന്ന സാഹിത്യകാരിയെയും മനസിലാക്കാന്‍ കഴിഞ്ഞു.എന്നാല്‍ അവര്‍ക്ക് മാധവദാസിനെ മനസിലാക്കാന്‍ കഴിഞ്ഞോ എന്ന് എന്നോട് ചോദിച്ചാല്‍ കഴിഞ്ഞിരിയ്ക്കാം എന്ന ഉത്തരം നല്‍കാനെ സാധിക്കൂ”. മുരളി കൂട്ടിചേര്‍ത്തു.

താന്‍ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന ഒരു ബയോപിക് ആണ് ആമി എന്നും അത് കൊണ്ട് തന്നെ മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ നടത്താതെ പൂര്‍ണ്ണമായും സംവിധായകന്റെ കൈകളില്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മുരളിഗോപി ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ്ണ സഹകരണമുണ്ടായിരുന്നുവെന്നും അവര്‍ നിശബ്ദവും ശക്തവുമായ പിന്തുണയാണ് തനിയ്ക്ക് തന്നതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. അതേസമയം ഫെബ്രുവരി 9ന് ആമി തീയേറ്ററുകളിലെത്തും.