100 കോടി കളക്ഷൻ എന്നതിന്റെ സത്യം ഇൻകം ടാക്സ് വരുമ്പോൾ അറിയാം: മുകേഷ്

ഒരു പുതിയ സിനിമ ഇറങ്ങിയാൽ അതിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് എല്ലാവരും ഒറ്റുനോക്കുന്ന ഒരു കാര്യം. ആദ്യ ദിന കളക്ഷൻ, ഫൈനൽ കളക്ഷൻ എന്നിങ്ങനെ നോക്കിയാണ് ഒരു സിനിമ ഹിറ്റ് ആണോ അല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. 100 കോടി എന്നൊക്കെ നിർമ്മാതാക്കൾ തള്ളുമ്പോൾ ഇൻകം ടാക്സ് വരുമ്പോൾ മാത്രമേ സത്യം അറിയാൻ കഴിയൂ എന്നാണ് മുകേഷ് പറയുന്നത്.

“100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ​ഗിമിക്സ് ആണ്.

ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററിൽ ഓടില്ല. സെന്റേഴ്സ് കൂടി ഒടിടി വന്നു. ഒടിടിയിൽ ഒരു സിനിമ എടുത്ത് കഴിഞ്ഞാൽ പിന്നെ ആരും തിയറ്ററിൽ പോകത്തില്ല. ​ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. 415 ദിവസമാണ് ഓടിയത്. അതിനി ആർക്കും മറിക്കടക്കാൻ സാധിക്കില്ല. അൻപത് ദിവസമൊക്കെ കഷ്ടിച്ച് ഓടും.” പുതിയ സിനിമയുടെ പ്രസ് മീറ്റിലാണ് മുകേഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.