നിങ്ങള്‍ കമ്മ്യൂണിസ്റ്റ് ആണ്, വിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് വന്നത് എന്നൊക്കെ ചോദിച്ചു.. സരിത തെറ്റിദ്ധരിച്ചതാണ്: മുകേഷ്

ആദ്യ ഭാര്യ സരിതയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുകേഷ്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 1988ല്‍ ആയിരുന്നു മുകേഷിന്റെയും സരിതയുടെയും വിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ ഒരുമിച്ച് ഒരു ജോത്സ്യനെ കാണാന്‍ പോയപ്പോഴുള്ള കഥയാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

മുകേഷിന്റെ വാക്കുകള്‍:

മൂത്തമകന്‍ ശ്രാവണിന് ഏകദേശം ഒരു വയസ് പ്രായമുള്ളപ്പോള്‍ ഞാനും ഭാര്യ ശ്രാവണും കൂടി ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാന്‍ പോയി. സരിതയുടെ വീടിന്റെ ഒക്കെ അടുത്താണ്. അവിടെ ഒരു കല്യാണത്തിന് പോയതാണ് അപ്പോഴാണ് ഒരാള്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ജ്യോത്സ്യനെ കുറിച്ച് പറഞ്ഞത്. വരാന്‍ പറ്റുമെങ്കില്‍ വന്ന് കാണണം എന്ന് പറഞ്ഞു.

സരിത പോയി നോക്കാം എന്ന് പറഞ്ഞതിന് അനുസരിച്ച് പോകാമെന്ന് തീരുമാനിച്ചു. എന്നാല്‍ അപ്പോയിന്മെന്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ട് ആകുമെന്ന് അയാള്‍ പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെ വരുന്ന ഇടമാണ്. അടുത്തൊന്നും കിട്ടാന്‍ നിവര്‍ത്തിയില്ല എന്ന് പറഞ്ഞു. സരിതയുടെ പേര് പറഞ്ഞ് ഒരു അപ്പോയിന്മെന്റ് എടുക്കാന്‍ അയാളോട് പറഞ്ഞു.

ഒരു മണിക്കൂറിനുള്ളില്‍ അവിടെ നിന്നുള്ള ആള്‍ വന്നിട്ട് പറഞ്ഞു, സരിതയുടെ ഫാന്‍ ആണ് ജ്യോത്സ്യന്‍ നാളെ പുലര്‍ച്ചെ വന്നാല്‍ ആദ്യത്തെ ആളായി കയറ്റാമെന്ന് പറഞ്ഞു. സരിതയ്ക്ക് സന്തോഷമായി. അവിടെ ചെന്നപ്പോള്‍ വലിയ ക്യൂ ഒക്കെ കാണാം. നമ്മള്‍ അദ്ദേഹത്തെ കാണാന്‍ കയറുമ്പോള്‍ കാണുന്നത് അദ്ദേഹം നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മള്‍ ഇരിക്കുന്നതിന് മുന്നില്‍ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

ഇരുന്ന് കഴിഞ്ഞാല്‍ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമ്മുക്ക് കാണാന്‍ കഴിയൂ. നമ്മള്‍ കയറുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറില്‍ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവര്‍ വാങ്ങുക. നമ്മുടെ മുന്നില്‍ വച്ച് തന്നെ കവര്‍ അപ്പുറത്ത് അസിസ്റ്റന്റിനെ കയ്യില്‍ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല.

അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് നമ്മള്‍ എഴുതിയ ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കും. ഞാന്‍ ഇംഗ്ലീഷില്‍ ആണ് എഴുതിയെ അത് കൃത്യമായി ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞ് എനിക്ക് കവര്‍ തന്നു. എന്റെ കവര്‍ തന്നെയാണ്. ഞാന്‍ സരിതയോട് പറഞ്ഞു. ഇതൊരു അത്ഭുതം തന്നെയാണെന്ന്. പിന്നെ സരിത ആയിട്ട് അദ്ദേഹം തെലുങ്കില്‍ എന്തൊക്കെയോ സംസാരിച്ചു.

സരിതയും അഞ്ച് ചോദ്യങ്ങള്‍ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപ്പോഴേക്കും മോന്‍ കരഞ്ഞു. മോനെ എന്റെ കയ്യില്‍ തന്നു അവന്റെ കരച്ചില്‍ മാറ്റാന്‍ ഞാന്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ആ സമയത്ത് തന്നെ സരിത കാര്‍ഡും കൊടുത്തു. ഞാന്‍ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത്. അയാള്‍ ഈ കാര്‍ഡ് വാങ്ങി അത് അവിടെ വച്ചിട്ട് മറ്റൊരു കാര്‍ഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.

വാസ്തവത്തില്‍ ഇയാള്‍ അത് നോക്കിയാണ് വായിച്ചിരുന്നത്. കവര്‍ ഇതിനിടയില്‍ പതിയെ തന്ത്രപൂര്‍വം മാറ്റുകയായിരുന്നു. പിന്നീട് തിരിച്ചു വേറൊരു കവര്‍ കൊണ്ടുവന്ന് നമ്മുടെ കവര്‍ എടുത്ത് തരുന്നു. അത് ഞാന്‍ കണ്ടു. ഇത് പുറത്തിറങ്ങി ഞാന്‍ സരിതയോട് പറഞ്ഞു. അവിടെ പറയാന്‍ പറ്റില്ല. വലിയ സാമ്രാജ്യമാണ് ജീവന്‍ പോകും. സരിത വിശ്വസിച്ചില്ല.

നിങ്ങള്‍ കമ്യൂണിസ്റ്റ് ആണെന്ന് ഒക്കെ പറഞ്ഞു. ആള്‍ തെറ്റിദ്ധരിച്ചു. വിശ്വാസമില്ലെങ്കില്‍ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി. ഞാന്‍ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കല്‍ കൂടി നമ്മുക്ക് ഇവിടെ വരണമെന്ന്. ഞങ്ങള്‍ വന്നു. ഇത്തവണ എനിക്ക് പകരം അവര്‍ക്ക് സംശയം തോന്നാതെ സരിത കുഞ്ഞുമായി എണീറ്റു. സരിത ഇത് കണ്ടു. തട്ടിപ്പ് മനസിലായി.