മരക്കാര്‍ മലയാളത്തിന് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനം; കാരണം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ഈ സിനിമ മോളിവുഡിന് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം അതിന്റെ കാരണവും തുറന്നു പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍
ചൈനീസ് കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം അവിടെ പ്രദര്‍ശനത്തിനെത്തിക്കുക. ഭാഷ ചൈനീസാകുക എന്നതിനപ്പുറം സബ്‌ടൈറ്റിലുകളാണ് അവര്‍ക്കാവശ്യം. അത്തരം ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഒരു ടീമിനെ ഏര്‍പ്പെടുത്തും. ചൈനീസ് പേരിലാകും കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അവിടെ റീലിസ് ചെയ്യുക. ആമിര്‍ഖാന്റെ “ദംഗല്‍” ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ചിത്രങ്ങള്‍ മുമ്പ് ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ കാര്യത്തില്‍ ചൈന വലിയൊരു വിപണിയാണ്. വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച നാല്‍പ്പതോളം സിനിമകള്‍ മാത്രമേ ഒരുവര്‍ഷം അവര്‍ എടുക്കുകയുള്ളൂ. അതില്‍ ഇടംനേടാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്കുതന്നെ അതൊരഭിമാനമാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ ആണ് മരക്കാര്‍ ഒരുക്കുന്നത്