ഡബ്ല്യു.സി.സി ആവശ്യപ്പെട്ട ഇന്റേണല്‍ കമ്മിറ്റി 'അമ്മ'യിലുണ്ട്, ഷമ്മി തിലകനോട് വിശദീകരണം തേടും: മോഹന്‍ലാല്‍

പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തതിന് ശേഷം എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടി താര സംഘടനയായ ‘അമ്മ’. സ്ത്രീകളുടെ പ്രശ്‌ന പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് അറിയിച്ചത്. ഇതിനൊപ്പം ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചതില്‍ ഷമ്മി തിലകനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി.

ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ എല്ലാ പ്രശ്‌നങ്ങളും മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്നും അതിനെല്ലാം പ്രത്യേകം കമ്മിറ്റികളെ രൂപികരിക്കുമെന്നും മണിയന്‍പിള്ള പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആണ് യോഗം ആരംഭിച്ചത്. വളരെ നീണ്ടു നിന്ന എക്‌സിക്യൂട്ടീവ് യോഗം 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ജയസൂര്യ, വിജയ് ബാബു, ലാല്‍, ടിനി ടോം, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, ഇടവേള ബാബു, ശ്വേത മേനോന്‍, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.