‘വിവാഹം കഴിക്കാനായി മതം മാറിയിട്ടില്ല’ – വിവാദങ്ങളില്‍ മറുപടിയുമായി നടി മാതു

മലയാള സിനിമയിലെ മുന്‍കാല നായികമാരില്‍ ഒരാളായ മാതു വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുകയാണ്. വിവാഹത്തിനായി മതം മാറിയെന്ന തരത്തിലുള്ള പ്രചരണമാണ് മാതുവിനെ വാര്‍ത്തകളില്‍ എത്തിച്ചത്.

ഹാദിയയുടെ മതം മാറ്റവും പിന്നീടുള്ള വിവാഹവും അതേതുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും പശ്ചാത്തലത്തിലാണ് മാതുവും ചര്‍ച്ചാവിഷയമായത്. നടി മാതു വിവാഹത്തിനായി ക്രിസ്ത്യാനിയായി എന്നായിരുന്നു സോഷ്യല്‍ മീഡിയാ പ്രചരണം.

എന്നാല്‍, വിവാഹത്തിനായല്ല താന്‍ മതം മാറിയതെന്നും ക്രിസ്തുവിലുള്ള വിശ്വാസമാണ് അതിന് കാരണമെന്നും മാതു പറയുന്നു. അമരത്തില്‍ അഭിനയിക്കുന്ന കാലം മുതല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മതം മാറ്റമെന്നും മാതു വ്യക്തമാക്കി.

ഇതിന് ആധാരമായി മാതു ഒരു കഥയും പറഞ്ഞു.

പെരുന്തച്ചനിലെ കഥാപാത്രത്തിനായുള്ള ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്.ഇത് വല്ലാത്ത വിഷമം ഉണ്ടാക്കി. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്.

ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി.

പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെപള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും. മാതു പറഞ്ഞ് നിര്‍ത്തുന്നു