ഭാര്യാവീട്ടുകാരോട് സ്ത്രീധനം ചോദിക്കാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നതിലും നല്ലത് കെട്ടാതിരിക്കുന്നതല്ലേ: ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ടെന്ന് മാമുക്കോയ

തന്റെ വിവാഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മാമുക്കോയ. കല്യാണത്തിന് ചെരുപ്പ് വാങ്ങാന്‍ പോലുമുള്ള പണം തന്റെ കൈയിലില്ലായിരുന്നുവെന്നും എന്നാല്‍ അത് സുഹറയുടെ വീട്ടുകാരോട് വാങ്ങാന്‍ ആത്മാഭിമാനം അനുവദിച്ചില്ലെന്നും മാമുക്കോയ പറയുന്നു.

മാമുക്കോയയുടെ വാക്കുകള്‍

‘എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു.

കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന് ക്ഷണിക്കാന്‍ ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല’, മാമുക്കോയ പറയുന്നു.