എട്ട് മാസത്തിന് ശേഷം മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തി. ചികിത്സയെ തുടര്‍ന്ന് സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. കേരളത്തില്‍ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി എംബി രാജേഷ് അടക്കമുള്ളവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
എല്ലാവരെയും വീണ്ടും കാണാന്‍ സാധിച്ചതിലും, തിരിച്ചു വരാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. താരത്തെ കാണാന്‍ നിരവധി ആരാധകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മമ്മൂട്ടി കേരളത്തില്‍ നിന്നും ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്.
താരം കഴിഞ്ഞ മാസം സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ഹൈദരാബാദ് ലൊക്കേഷനിലാണ് നടന് ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ ഹൈദരാബാദ്, ലണ്ടന്‍ ഷെഡ്യൂളുകളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ചെന്നൈയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ മടക്കം.
Read more
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബര്‍ 27ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ക്യൂബ്സ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ പുതിയൊരു സിനിമ കൂടി താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.







