മമ്മൂട്ടി ചേട്ടന്‍ എന്നത് എന്റെ അനുഭവം, ഇങ്ങനൊരു സിനിമ ഇതുവരെ വന്നിട്ടില്ല, അപ്പോള്‍ കൂടെ നില്‍ക്കണ്ടേ: മമ്മൂട്ടി

‘രേഖാചിത്രം’ സിനിമ ബ്രില്യന്റ് ആയ ചിന്തയാണെന്ന് മമ്മൂട്ടി. പാരലല്‍ ഹിസ്റ്ററിയില്‍ ഒരു സിനിമ നമുക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ നമ്മള്‍ കൂടെ നില്‍ക്കണ്ടേ എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്.

രേഖാചിത്രത്തിന്റെ കഥ വന്ന വഴിയിലെ സത്യസന്ധമായ കഥയില്‍ ഞാനുണ്ട്. ഞാന്‍ മാറി നിന്നാല്‍ ഒരുപക്ഷേ ആ സിനിമ നടക്കില്ല. മമ്മൂട്ടി ചേട്ടന്‍ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്നൊക്കെ പറഞ്ഞ് കത്ത് കിട്ടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇതൊരു ബ്രില്യന്റ് ചിന്തയാണ്. അപ്പോള്‍ സ്വാഭാവികമായും നമ്മളില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ക്ക് ആ സിനിമ എടുക്കാന്‍ പറ്റില്ല. ആ കഥ വളരെ ബുദ്ധിപരമായ ഒരു ചിന്തയില്‍ നിന്ന് വന്നതാണ്. അങ്ങനെ നടന്നിട്ടില്ലാത്ത ഒരു സംഭവം, അല്ലെങ്കില്‍ പാരലല്‍ ഹിസ്റ്ററിയില്‍ ഒരു സിനിമ നമുക്ക് ഉണ്ടായിട്ടില്ല.

അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ നമ്മള്‍ കൂടെ നില്‍ക്കണ്ടേ, അത്രയേ ഉള്ളൂ എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, ജനുവരി 9ന് റിലീസ് ചെയ്ത ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. വെറും 6 കോടി രൂപയ്ക്ക് നിര്‍മ്മിച്ച ചിത്രമാണ് ഗംഭീര കളക്ഷന്‍ നേടി മുന്നേറുന്നത്. ആസിഫ് അലി നായകനായ ചിത്രത്തില്‍ അനശ്വരയാണ് നായികയായത്.

അതേസമയം, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്.

Read more