അവര്‍ സേഫ് സോണില്‍ നിന്നു കൊണ്ടല്ല കഥ പറയുന്നത്, ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ എന്ത് റിസ്‌ക്കും എടുക്കും; പുതുമുഖ സംവിധായകരെ കുറിച്ച് മമ്മൂട്ടി

മിക്കപ്പോഴും പുതുമുഖ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്ന സൂപ്പര്‍ താരമാണ് മമ്മൂട്ടി. പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണ് എന്ന് മമ്മൂട്ടി പറയുന്നു. പുതിയ ആളുകള്‍ സേഫ് സോണില്‍ നിന്നു കൊണ്ടല്ല കഥ പറയുന്നത്, അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല അതിനാല്‍ എന്തും റിസ്‌ക്കും അവര്‍ എടുക്കും എന്നാണ് മമ്മൂട്ടി പറയുന്നത്.

പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണ്. പഴയ സംവിധായകര്‍ പുതിയ കഥകള്‍ പറയുന്നില്ല എന്നല്ല ഉദ്ദേശിച്ചത്. പുതിയ ആളുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട് അവന്‍ എന്ത് റിസ്‌ക്കിനും തയ്യാറാകും. അതായത് വളരെ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും.

സേഫ് സോണില്‍ നിന്നു കൊണ്ടായിരിക്കില്ല പുതുമുഖ സംവിധായകര്‍ കഥ പറയുക. ‘റോഷാക്ക്’ അതുപോലൊരു കഥയാണ്. അങ്ങനെയുണ്ടാകുമ്പോള്‍ നമുക്ക് വ്യത്യസ്തമായ വേഷം കിട്ടും. ഒരു നടനെന്ന നിലയില്‍ നമുക്കും അതാണ് വേണ്ടത്. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ശ്രമിക്കാം.

ഒരു സ്റ്റില്‍ കണ്ടാല്‍ ഒരുവിധം എല്ലാ കഥാപാത്രങ്ങളെയും തനിക്ക് ഒരു പരിധിവരെ മനസിലാകും. അതുപോലൊരു വ്യത്യസ്തത വരുത്താന്‍ പറ്റുന്ന കഥയും കഥാപാത്രവുമായിട്ടുളള സിനിമകളായിരിക്കും എന്ന് കരുതിയിട്ടാണ് പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂട്ടി നായകനാകുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ‘കെട്യോളാണ് എന്റെ മാലാഖ’ സിനിമയ്ക്ക് ശേഷം നിസാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലൂക് ആന്റണി എന്ന വ്യത്യസ്ത കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.