നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ മമ്മൂട്ടി പറഞ്ഞു 'മുടിയാത്' - ആ വാക്കുകളുടെ ശക്തിയാണ് 'യാത്ര'യിലെത്തിച്ചത്

“യാത്ര” എന്ന തെലുങ്ക് ചിത്രത്തില്‍ വൈ എസ് രാജശേഖരറെഡ്ഡി എന്ന കോണ്‍ഗ്രസ് നേതാവായി മമ്മൂട്ടിയെ തന്നെ സംവിധായകന്‍ മഹി രാഘവ് എന്തുകൊണ്ടായിരിക്കും തെരഞ്ഞെടുത്തത്? മറ്റ് തെലുങ്ക് സൂപ്പര്‍ത്താരങ്ങളുണ്ടായിട്ടും ഈ റോള്‍ മമ്മൂട്ടിയെ തേടിയെത്താന്‍ ഒരു വ്യക്തമായ കാരണമുണ്ട്. മഹി രാഘവ് തന്നെ വെളിപ്പെടുത്തികയാണ് അത്.

മണിരത്‌നം സംവിധാനം ചെയ്ത “ദളപതി” എന്ന ചിത്രത്തിലെ ഒരു സീന്‍ ആണ് “യാത്ര” എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ തീരുമാനിക്കാന്‍ കാരണം.മമ്മൂട്ടി അവതരിപ്പിച്ച ദേവരാജന്‍ എന്ന കഥാപാത്രത്തെയും രജനികാന്ത് അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രത്തെയും ജില്ലാ കളക്ടര്‍ ആയ അരവിന്ദ് സ്വാമി ഓഫീസിലേക്ക് വിളിച്ചുവരുത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തണമെന്ന് ഉപദേശിക്കുന്ന രംഗമാണ് അത്. മിനിറ്റുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ മമ്മൂട്ടി “മുടിയാത്” എന്ന് പറയുന്നു. ആ ഒരൊറ്റ ഡയലോഗിന്റെ ശക്തിയില്‍ ആ സീന്‍ മുഴുവന്‍ മമ്മൂട്ടി എന്ന താരം തന്റേതാക്കി മാറ്റിയെന്നാണ് മഹി രാഘവ് പറയുന്നത്.

ആ ഒറ്റ ഡയലോഗിന്റെ കരുത്തും സൌന്ദര്യവും ആ സീനിലെ മമ്മൂട്ടിയുടെ പ്രകടനവുമാണ് യാത്രയിലെ വൈ എസ് ആര്‍ ആയി മമ്മൂട്ടിയെ മനസില്‍ കാണാന്‍ കാരണമായതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.