ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് എനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു: എം.എ നിഷാദ്

എം.എ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ “തെളിവ്” റിലീസിന് തയ്യാറെടുക്കുകയാണ്. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രമായി ആശാ ശരത് എത്തുന്നു. ചിത്രത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് എം.എ നിഷാദ് കുറിച്ചത്.

“ആശാ ശരത്ത്, മികച്ച കലാകാരി. നടനത്തിലും,നൃത്തത്തിലും അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. തെളിവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് എനിക്കോ, ചെറിയോന്‍ കല്പകവാടിക്കോ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. കാരണം ആശയെ കണ്ട് കൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ ഞങ്ങള്‍ രൂപപ്പെടുത്തിയത്. വിനയാന്വിതയാണ് ആശ. ഉര്‍വ്വശി, ശോഭന, കെ പി എസി ലളിത എന്നീ മികച്ച നടിമാരുടെ ശ്രേണിയിലേക്ക് ആശയുമുണ്ടാകുമെന്ന് നിസ്സംശയം പറയാം. ഒരു കഥാപാത്രത്തിന്റെ വികാര വിചാരങ്ങള്‍ ഉള്‍ക്കൊണ്ട് പൂര്‍ണ്ണതയിലെത്തിക്കാന്‍ ഈ കലാകാരിക്ക് കഴിയും.”

Image may contain: 3 people, people standing, sunglasses and beard

“ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് തെളിവ്. അത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരു നടിക്ക് കഴിയുക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. സംവിധായകനെ മനസ്സിലാക്കി അഭിനയിക്കുക എന്നുളളതും ഒരു കഴിവാണ്. ഈ രണ്ട് കാര്യങ്ങളും ആശക്ക് മനോഹരമാരി അവതരിപ്പിക്കാന്‍ കഴിഞ്ഞു. “”തെളിവ്”” എന്ന നമ്മുടെ സിനിമയില്‍ ഗൗരി എന്ന മുഖ്യ കഥാപാത്രത്തെ വളരെ സ്വാഭാവികമായി ആശാ ശരത്ത് അവതരിപ്പിച്ചു.” നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗൗരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആശാ ശരത്ത് അവതരിപ്പിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. ലാല്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്‌റ്റോബര്‍ 18ന് തിയേറ്ററുകളിലെത്തും.