ലൂസിഫര്‍ രാഷ്ട്രീയസിനിമയല്ല, പക്ഷേ അത്തരമൊരു പശ്ചാത്തലമുണ്ട്; മോഹന്‍ലാലിന്റെ ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായ സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തുന്ന ലൂസിഫര്‍ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. ലൂസിഫറിലെ കഥയുടെ പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് മോഹന്‍ലാലിന്റെ ചോദ്യത്തിനുത്തരമായി പൃഥ്വിരാജ് പറയുന്നു.

കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയ കഥയല്ല. നിലവില്‍ നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ യാഥാര്‍ത്ഥ്യത്തിന് പിന്നില്‍ വലിയ ശക്തികേന്ദ്രങ്ങളുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തികേന്ദ്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും ലൂസിഫര്‍. പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ എന്ന പേരിന്റെ പ്രത്യേകതയും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും ഈ പേര് കേള്‍ക്കുമ്പോള്‍ സാത്താന്‍, ഫാളന്‍ ഏയ്ഞ്ചല്‍ എന്നൊക്കെയാണ് മനസ്സില്‍ വരിക. എന്നാല്‍ ആ പേരിന് അത്ര സ്‌ട്രൈയ്റ്റ് ഫോര്‍വേഡായ അര്‍ത്ഥമൊന്നുമല്ല ഉള്ളത്. അതിനുള്ളില്‍ ചില തിരിവുകളും ചെരിവുകളുമൊക്കെയുണ്ട്. ചിത്രത്തിലെ ഒരു കഥാപാത്രവും ബ്ലാക്കോ വൈറ്റോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഗ്രേ ക്യാരക്ടറാണ്.

മോഹന്‍ലാലിന്റെ ആരാധകനെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് താനെന്നും ഒരു വിന്റേജ് മോഹന്‍ലാല്‍ ചിത്രമായിരിക്കും ഇതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും.