ഇത് വെറും സിനിമ , ഇതിനായി ജീവന്‍ കളയേണ്ടതില്ല: ലോകേഷ് കനകരാജ്

‘തുനിവ്’ സിനിമാ റിലീസിനോടനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെ ആരാധകന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി സിനിമാരംഗത്തും പുറത്തുമുള്ള നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരാധകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

‘ആരാധകര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പെരുമാറിയാല്‍ നന്നാകും. ഇത് വെറും സിനിമ മാത്രമാണ്. ഇതിനായി ജീവന്‍ കളയേണ്ടതില്ല. ഇത് വിനോദത്തിന് മാത്രമുള്ളതാണ്, ആഘോഷങ്ങള്‍ക്കായി ഒരാള്‍ ജീവന്‍ പണയപ്പെടുത്തേണ്ടതില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’, ലോകേഷ് കനകരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപമാണ് അജിത് ആരാധകന്‍ മരണപ്പെട്ടത്. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Read more

അജിത്-വിജയ് സിനിമകളുടെ റിലീസ് ദിനമായ 11-ന് തമിഴ്നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നു. രോഹിണി തിയേറ്ററിന് സമീപം അജിത്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.