ലാലേട്ടന്‍ തന്റെ കരിയറില്‍ ഈ അടുത്ത കാലത്തെങ്ങും ചെയ്യാത്ത തരമൊരു കഥാപാത്രം: ജിത്തു ജോസഫ്

മോഹന്‍ലാലിന്റേതായി ഏറ്റവും പുതുതായി പുറത്ത് ഇറങ്ങിയ ചിത്രമാണ് ട്വല്‍ത് മാന്‍. ദൃശ്യം, ദൃശ്യം 2 എന്ന മെഗാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിച്ച ചിത്രം ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഇതിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജീത്തു.

‘ഒരു മിസ്റ്ററി ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ലാലേട്ടന്‍ തന്റെ കരിയറില്‍ ഈ അടുത്തകാലത്തെങ്ങും ചെയ്യാത്ത തരമൊരു കഥാപാത്രമാണ് ഇതിലവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യം സീരിസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് ട്വല്‍ത് മാന്‍. അതിനാല്‍ ദൃശ്യവുമായി താരതമ്യം ചെയ്യാതെ വേണം ഈ ചിത്രം കണ്ടാസ്വദിക്കാന്‍’ അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന് പുറമേ അനുശ്രീ, അനു സിത്താര, ഉണ്ണി മുകുന്ദന്‍, അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു.