ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്.. അക്രമികള്‍ ചുറ്റിലുമുണ്ട്, സൂപ്പര്‍താരത്തിന്റെ മകള്‍ക്ക് പ്രത്യേക പരിഗണന ഇല്ല: ലക്ഷ്മി മഞ്ചു

ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചു. പതിനഞ്ചാം വയസില്‍ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിലാണ് ലക്ഷ്മി സംസാരിച്ചത്. മോഹന്‍ ബാബുവിന്റെ മകള്‍ ആയതിനാല്‍ സ്‌കൂളില്‍ പോകാന്‍ അമ്മയും ഡ്രൈവറും ബോഡിഗാര്‍ഡും കൂടെ ഉണ്ടാകും. എന്നാല്‍ ഒരു ദിവസം ഹാള്‍ടിക്കറ്റ് വാങ്ങാനായി ബസ്സില്‍ പോകേണ്ടി വന്നു.

അന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ് നടി പറയുന്നത്. ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നുമാണ് ലക്ഷ്മി പറയുന്നത്.

ഭയന്ന് വിറച്ചു പോയ താന്‍ കൂട്ടുകാരികളോട് വിവരം പറഞ്ഞു. അപ്പോള്‍ അവരും, തങ്ങള്‍ക്ക് നേരെയും അതിക്രമം ഉണ്ടായെന്ന് വെളിപ്പെടുത്തി. എല്ലാവരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതില്‍ സൂപ്പര്‍താരത്തിന്റെ മകള്‍ക്ക് പ്രത്യേക പരിഗണന ഇല്ല. അക്രമികള്‍ സദാ ചുറ്റിലുമുണ്ട്.

Read more

ഇത്തരം ദുരനുഭവം ഉണ്ടായതായി ബസില്‍ വച്ച് തന്നെ ഒരു കുട്ടി പറഞ്ഞാല്‍ കുട്ടി നുണ പറയുകയാണെന്ന് മാത്രമേ ആളുകള്‍ കരുതുകയുള്ളൂ എന്നാണ് ലക്ഷ്മി പറയുന്നത്. വനിതാ കമ്മിഷന് മുന്നിലെത്തിയ മീ ടൂ പരാതികള്‍ വായിച്ച് താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. അനാവശ്യ വിവാദങ്ങളിലേക്ക് താരങ്ങളെയും സ്ത്രീകളെയുമെല്ലാം വലിച്ചിഴയ്ക്കുന്ന പ്രവണത കൂടി വരികയാണെന്നും ലക്ഷ്മി വിശദീകരിച്ചു.