അങ്ങനൊരു വശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യവുമുണ്ടാകില്ലായിരുന്നു: കുഞ്ചാക്കോ ബോബന്‍

സിനിമയിലെ നെപ്പോട്ടിസം ആരോപണത്തോട് പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. താന്‍ സിനിമ ആഗ്രഹിച്ച് വന്നയാളല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അതുകൊണ്ട് തന്നെ നെപ്പോട്ടിസം കാരണമാണ് സിനിമയില്‍ വന്നതെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനൊരു വശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യവുമുണ്ടാകില്ല. ഇതൊക്കെ ഒരു പാഷന്റെ പുറത്ത് ചെയ്യുന്ന കാര്യമാണ്. നമ്മള്‍ നമ്മളെ മെച്ചപ്പെടുത്തുക എന്നതിലേ കാര്യമുള്ളൂ. ആ ഒരു കാര്യമേ ഞാന്‍ ചെയ്യാറുള്ളൂവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. ഇഷ്ടമുള്ള ഭക്ഷണം ആരുമായെങ്കിലും പങ്കിടുമ്പോഴാണ് എനിക്ക് സന്തോഷം. ചിലര്‍ക്ക് അങ്ങനെയല്ല, മൊത്തമായിട്ട് കഴിക്കുമ്പോഴാണ്. പക്ഷെ എനിക്കങ്ങനെയല്ല തോന്നിയിട്ടുള്ളത്. നമ്മളത് ഷെയര്‍ ചെയ്യുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭാഗത്തിന്റെ രുചി ഭയങ്കരമായിട്ട് കൂടും. മറ്റുള്ളവരെ അവരുടെ മോശം സമയങ്ങളില്‍ കംഫര്‍ട്ടബിള്‍ ആക്കാന്‍ സാധിച്ചാല്‍ അതും സന്തോഷം നല്‍കുമെന്നാണ് താരം പറയുന്നത്.

ജീവിതത്തെ സീരിയസായി കണ്ട് കൊലവിളി നടത്തേണ്ട കാര്യമൊന്നുമില്ല. പലരും പറയാറുണ്ട്, അവന്റെ പടം നന്നായിട്ട് ഓടുന്നുണ്ട്, പൊട്ടിയിരുന്നെങ്കില്‍ എന്ന്. അങ്ങനെ ചിന്തിക്കേണ്ടതില്ല. അവന്റെ പടം നന്നായിട്ട് ഓടട്ടെ. അതിനേക്കാള്‍ നന്നായിട്ട് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന രീതിയില്‍ ചിന്തിക്കുക. നടന്‍ കൂട്ടിച്ചേര്‍ത്തു.